പാലക്കുന്ന് ഭരണി : ഭൂതബലി, താലപ്പൊലി ഉത്സവങ്ങള്‍ സമാപിച്ചു;

ഐതീഹ്യ പെരുമ നിറഞ്ഞ കളംകയ്യേല്‍ക്കല്‍ ചടങ്ങിന് തുടക്കം കുറിച്ചു10ന് (ഞായര്‍) ആയിരത്തിരി ഉത്സവം

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന്റെ ഭാഗമായ ഭൂതബലി, താലപ്പൊലി ഉത്സവങ്ങള്‍ സമാപിച്ചു. ദണ്ഡന്‍ ദേവന്റെ ഉത്സവമാണ് ഭൂതബലി. പുലര്‍ച്ചെ നടന്ന ചടങ്ങില്‍ കളംമായ്ക്കലും കലശവും താലപ്പൊലിയുമായി എഴുന്നള്ളത്തും ഉണ്ടായിരുന്നു.
സര്‍പ്പ കാവുകളും നാഗദേവാലയങ്ങളും നാഗത്തറകളും വടക്കന്‍ മണ്ണില്‍ ഏറെയുണ്ടെങ്കിലും പാലക്കുന്ന് ക്ഷേത്രത്തിലേതു പോലെ കളമെഴുത്തിലൂടെ ഭീമാകാരമായ നാഗരൂപങ്ങളെ സൃഷ്ടിച്ച് അനുഷ്ഠാന വിധികളോടെ കളം കയ്യേല്‍ക്കലും ചുവട് മായ്ക്കലും നടത്തുന്ന ചടങ്ങ് മറ്റെങ്ങുമില്ലാത്തതാണ് . ഭൂതബലി ദിവസം കളത്തില്‍ ഒരു തലയുള്ളതും താലപ്പൊലി ദിവസം രണ്ട് തലയുള്ള തും ആയിരത്തിരി ദിവസം മൂന്ന് തലയുമുള്ള സര്‍പ്പരൂപങ്ങളെയാണ് വരയ്ക്കുക. ദുര്‍ഗയും ദാരികാസുരനും തമ്മില്‍ നടന്ന ഘോര യുദ്ധമാണ് പ്രമേയം. സര്‍പ്പരൂപം പൂണ്ട് ദേവിയുടെ ദൃഷ്ടിയില്‍ നിന്ന് ഒളിഞ്ഞു നില്‍ക്കുന്ന ദാരികനെ നിഗ്രഹിക്കുന്ന രംഗമാണ് മൂന്ന് ദിവസങ്ങളിലായി കളമെഴുത്തിലൂടെ പുനഃസൃഷ്ടിക്കുന്നത്. കുങ്കുമം , പച്ച, മഞ്ഞള്‍, കരി, അരി എന്നിവ നേര്‍മയോടെ പൊടിച്ച പഞ്ചവര്‍ണ പ്പൊടികള്‍ കൊണ്ടാണ് കലാഭംഗിയുള്ള രൂപങ്ങള്‍ ക്ഷേത്ര കര്‍മി രവീന്ദ്രന്‍ കളക്കാരനും സഹായികളും ചേര്‍ന്ന് ക്ഷേത്ര തിരുമുറ്റത്ത് ഒരുക്കുന്നത്. തുടര്‍ന്ന് സര്‍വാലങ്കാര വിഭൂഷിതരായി അരങ്ങിലെത്തുന്ന ദേവി ദേവന്മാരുടെ പ്രതിപുരുഷന്മാരായ സ്ഥാനികരുടെ സമക്ഷം കളക്കാരന്‍ സ്തുതികള്‍ ചൊല്ലി ദേവിദേവന്മാരെ സംപ്രീതരാക്കുന്നതോടെ കളം കയ്യേല്‍ക്കല്‍ ആരംഭിക്കും. ചെണ്ട മേളത്തിന്റെ അകമ്പടിയില്‍ നര്‍ത്തകന്മാര്‍ നാല് ദിക്കൊപ്പിച്ചു ചുവട് മായ്ക്കലും നടക്കും. നര്‍ത്തകര്‍ കളമൊഴിയുന്നതോടെ പൊടി നെറ്റിയില്‍ വയ്ക്കാനും ശേഖരിച്ച് വീട്ടിലെത്തിക്കാനും ഭക്തര്‍ തിരക്കുകൂട്ടും. ഏറെ വിശേഷപ്പെട്ടതും ഔഷധഗുണമുള്ളതുമായ പ്രസാദമാണിതെന്നും പ്രേതബാധകള്‍ അകറ്റിനിര്‍ത്താനാണിതെന്നുമാണ് വിശ്വാസം. മൂത്തഭഗവതിയുടെയും ഇളയഭാഗവതിയുടെയും തിരുമുന്‍പില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ ചടങ്ങ് നടന്നു . ഞായറാഴ്ച ആയിരത്തിരി നാളില്‍ മൂത്തഭഗവതിയുടെ മുന്‍പില്‍ മൂന്ന് തലയുള്ള സര്‍പ്പരൂപം വരച്ചാണ് ചടങ്ങ് പൂര്‍ത്തിയാക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തിരുമുല്‍ കാഴ്ചാ സമര്‍പ്പണങ്ങള്‍ക്ക് ശേഷമാണ് ആയിരത്തിരി ശ്രീബലി തുടങ്ങുക. കെട്ടിചുറ്റിയ നര്‍ത്തകന്മാര്‍ ഭണ്ഡാരവീട്ടില്‍ കലശം കയ്യേല്‍ക്കല്‍ നടത്തി ഭരണികുഞ്ഞിന്റെ സാന്നിധ്യത്തില്‍ തിരിച്ചെഴുന്നള്ളിയ ശേഷമാണ് മറ്റ് ചടങ്ങുകള്‍ ആരംഭിക്കുക. നോറ്റിരുന്ന കുഞ്ഞുങ്ങള്‍ അടക്കം ആയിരത്തിരി എഴുന്നള്ളത്ത് 11 വട്ടം പ്രദക്ഷിണം വെച്ച് കലശം കയ്യേല്‍ക്കും. ദാരിക നിഗ്രഹത്തിന്റെ വിജയാഘോഷമാണ് ആയിരത്തിരി ഉത്സവമെന്ന് സങ്കല്പം.
തിങ്കളാഴ്ച്ച രാവിലെ 6.30ന് ഉത്സവം കൊടിയിറങ്ങും.
—————————-

ഞായറാഴ്ച പരിപാടികള്‍

രാവിലെ 10 ന് കളനാട് തെക്കേക്കര
മാതൃസമിതിയുടെ ലളിതാ സഹസ്രനാമ പാരായണം. 2ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. 4ന് വിദുഷി ലതാശശിധരന്റെ ശിഷ്യ മഞ്ചേശ്വരം കൃഷ്ണാസുനില്‍ സംഘത്തിന്റെ ഭാരതനാട്യം. രാത്രി 8ന് പൂരക്കളി.
11ന് ഉദുമ പടിഞ്ഞാര്‍ക്കര , 11.45ന് അരവത്ത് -കുതിരക്കോട് -മുതിയക്കാല്‍, 12.30ന് ഉദുമ കൊക്കാല്‍, 1.15ന് പള്ളിക്കര തണ്ണീര്‍പുഴ, 2ന് അരമങ്ങാനം-കൂവത്തൊട്ടി-പള്ളിപ്പു റം പ്രദേശങ്ങളില്‍ നിന്നുള്ള തിരുമുല്‍കാഴ്ച സമര്‍പ്പണങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *