ആയിരത്തിരി കാണാന്‍ ആയിരങ്ങളെത്തി; ഭരണി ഉത്സവം കൊടിയിറങ്ങി

പാലക്കുന്ന് : ഭക്തജന സഹസ്രങ്ങളില്‍ അനുഗ്രഹവര്‍ഷമേകി കളംകയ്യേല്‍ക്കലും ചുവട്മായ്ക്കലും
കലശം കയ്യേല്‍ക്കലും ശ്രീബലിയും പൂരക്കളിയും കണ്ട ധന്യതയില്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ അവസാന ദിന ഉത്സവമായ ആയിരത്തിരി കണ്ട് പുരുഷാരം മടങ്ങി.
ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശത്തു നിന്നുള്ള തിരുമുല്‍കാഴ്ചയാണ് ക്ഷേത്രത്തില്‍ ആദ്യമെത്തിയത്. തുടര്‍ന്ന് അരവത്ത്-കുതിരക്കോട് -മുതിയക്കാല്‍, ഉദുമ കൊക്കാല്‍, പള്ളിക്കര തണ്ണീര്‍പുഴ, അരമങ്ങാനം-കൂവത്തൊട്ടി, പള്ളിപ്പുറം പ്രദേശങ്ങളില്‍ നിന്നും കാഴ്ചകളെത്തി സമര്‍പ്പണം പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് അനുഷ്ഠാന ചടങ്ങുകള്‍ തുടങ്ങിയത്.
വൈദ്യുത പ്രഭാവലിയും നിശ്ചചല, ചലന ദൃശ്യങ്ങളുമായുള്ള ഘോഷയാത്രയില്‍ വര്‍ണരാജി വിരിയുന്ന മുത്തുക്കുടകള്‍ക്ക് കീഴില്‍ നിറദീപം തെളിയിച്ചു ബാലികമാരുടെ താലപ്പൊലിയും വിവിധ കലാ-കായിക പ്രകടനങ്ങളും നൃത്തങ്ങളും വര്‍ണപൊലിമയേകി. പകല്‍ സമയങ്ങളില്‍ കളനാട് തെക്കേക്കര പ്രാദേശിക മാതൃസമിതിയുടെ ലളിതാ സഹസ്ര നാമ പാരായണവും ക്ഷേത്ര ഭജന സമിതിയുടെ ഭജനയും, മഞ്ചേശ്വരം കൃഷ്ണാസുനില്‍ സംഘത്തിന്റെ ഭരതനാട്യവുമുണ്ടായിരുന്നു. തിങ്കള്‍ രാവിലെ ഉത്സവത്തിന് കൊടിയിറങ്ങി. ഉച്ചയോടെ എഴുന്നള്ളത്ത് ഭണ്ഡാര വീട്ടിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *