കാഞ്ഞങ്ങാട്: മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ 2024 ഏപ്രില്‍ 8 മുതല്‍ 12 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് ആവശ്യമായ വിഭവ സമാഹരണത്തിന്റെ ഭാഗമായി തറവാട് പരിസരത്തുള്ള വയലില്‍ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞാറ് നടീല്‍ ഉത്സവം. നടന്നു. അടോട്ട് മൂത്തേടത്ത് കുതിര പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന ആചാരസ്ഥാനികര്‍, ക്ഷേത്ര ഭാരവാഹികള്‍, തറവാട് കമ്മിറ്റി ഭാരവാഹികള്‍ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഭക്തജനങ്ങള്‍ എന്നിവര്‍ തറവാട്ടിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം വയലില്‍ നടന്ന ചടങ്ങില്‍ കാസര്‍ഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഞാറ് നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഒരു നാടിന്റെ കൂട്ടായ്മക്കും, കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടു വരുന്നതിലേക്കും അതിലൂടെ ഭക്ഷ്യ സുരക്ഷ ഒരുക്കുന്നതിനും കൃഷിയിടങ്ങള്‍ തരിശിടാതെ പുതു തലമുറയ്ക്ക് കാര്‍ഷിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും സാധിക്കുമെന്ന് അവര്‍ പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വച്ച് പബ്ലിസിറ്റിയുടെ ആദ്യ ഫണ്ട് ഉത്തരമേഖല ക്ഷേത്ര സംരക്ഷണ സമിതി ചെയര്‍മാന്‍ രാജന്‍ പെരിയ തറവാട് സെക്രട്ടറിയില്‍ നിന്നും ഏറ്റുവാങ്ങി. വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക്‌ലെറ്റ് താരീഫി ന്റെ പ്രകാശന കര്‍മ്മവും രാജന്‍ പെരിയ നിര്‍വഹിച്ചു.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മി തമ്പാന്‍,അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പ്രസിഡണ്ട് പി.കൊട്ടന്‍ കുഞ്ഞി, മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ അരയവളപ്പ്, മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ വി. വി.കെ ബാബു സ്വാഗതവും ആഘോഷ കമ്മിറ്റി ട്രഷറര്‍ എം.കെ നാരായണന്‍ നന്ദിയും പറഞ്ഞു. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന ആചാര സ്ഥാനികര്‍,ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, തറവാട്ട് കാരണവര്‍ ആണ്ടി, ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പതിവ് കൃഷി രീതിയില്‍ നിന്നും വ്യത്യസ്തമായി പായ ഞാറ്റടി രീതിയില്‍ വിത്ത് വിതച്ച് ഞാറ് തയ്യാറാക്കിയാണ് കൃഷിക്കായി ഉപയോഗിച്ചത്.
ഇങ്ങനെ പായ ഞാറ്റടി രീതിയില്‍ ഞാറ് ഉത്പാദിപ്പിക്കുമ്പോള്‍ കുറച്ച് വിത്തില്‍ നിന്നും കൂടുതല്‍ ഞാറ്റടി തയ്യാറാക്കാന്‍ കഴിയുമെന്നും അതുമൂലം ചെലവ് കുറയ്ക്കാന്‍ സാധിക്കും എന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ ശാസ്ത്രീയമായ രീതിയില്‍ ഉല്പാദിപ്പിച്ച ഞാറു ഉപയോഗിച്ച് ശാസ്ത്രീയമായ അകലത്തില്‍ നടുമ്പോള്‍ കൂടുതല്‍ വിളവ് ലഭ്യമാക്കാന്‍ സഹായകമാകുകയും മാത്രമല്ല വിത്തിന്റെ മൂന്നില്‍ ഒന്ന് ഭാഗം ഉപയോഗിച്ച് കൂടുതല്‍ കൃഷി ചെയ്യാന്‍ സാധ്യമാവുകയും ചെയ്യുന്നു. കൃഷിയുടെ ആദ്യപടി എന്ന നിലയില്‍ 15 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഞാറ് നട്ടിരിക്കുന്നത്. കൃഷിയില്‍ നിന്നും സമാഹരിക്കുന്ന നെല്ല് ഉപയോഗിച്ച് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ സുപ്രധാന ചടങ്ങായകൂവം അളക്കുന്നതിനും അതുപോലെ തെയ്യം കെട്ടിനെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതിനും ഉപയോഗിക്കും. ആബാലവൃദ്ധം ജനങ്ങള്‍ ഞാറ് നടീല്‍ ഉത്സവത്തില്‍ പങ്കാളികളായി.