മാതൃസമിതിയുടെ ഹരിത യജ്ഞത്തിന് തുടക്കം; 10008 തൈകളുടെ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും

പാലക്കുന്ന് : പാലക്കുന്ന് കഴകം കേന്ദ്ര മാതൃസമിതിയുടെ ഹരിതയജ്ഞ പദ്ധതിക്ക് തുടക്കമായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജന സുവര്‍ണ ജൂബിലിയുടെ സമാപന സമ്മേളന വേദിയില്‍ എടനീര്‍ മഠാധിപതി സച്ചിദാനന്ദ സ്വാമിജി വൃക്ഷതൈ സുനീഷ് പൂജാരിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. കൈമാറിയ രക്തചന്ദന തൈ തിങ്കളാഴ്ച്ച രാവിലെ ക്ഷേത്ര ഭണ്ഡാര വീട്ടുപറമ്പില്‍ മാതൃസമിതി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സുനീഷ് പൂജാരിയും കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരും ചേര്‍ന്ന് നട്ടു. 10008 വൃക്ഷതൈകള്‍ കഴക പരിധിയിലെ വീടുകളിലും സമീപ ക്ഷേത്രങ്ങളിലും തറവാടുകളിലും അതത് പ്രാദേശിക മാതൃസമിതികളുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും.

വീടുകളില്‍ നട്ട തൈകളുടെ പരിപാലനവും മാതൃസമിതി പ്രവര്‍ത്തകര്‍ ഉറപ്പ് വരുത്തും. നന്നായി വളര്‍ത്തുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കുമെന്ന് ക്ഷേത്ര മാതൃ സമിതി ഭാരവാഹികള്‍ അറിയിച്ചു. പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് ലക്ഷത്തിലേറെ രൂപ ചെലവിലാണിത് നടപ്പാക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മാതൃസമിതി ഇത്രയും ബ്രുഹ്ത്തായ പദ്ധതി നടപ്പാക്കുന്നതെന്ന് നീലേശ്വരം കടിഞ്ഞിമൂലയില്‍ ജീവനം പദ്ധതിയുമായി പ്രവൃത്തിക്കുന്ന പ്രാദേശിക കൃഷി ശാത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി. വി.ദിവാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നഴ്‌സറിയില്‍ നിന്നാണ് ഇത്രയും ഫല-ഔഷധ വൃക്ഷതൈകള്‍ ലഭിച്ചത്

Leave a Reply

Your email address will not be published. Required fields are marked *