ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു
ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയുടെ ചുമതല ജില്ലാ പഞ്ചായത്തിന് കൈമാറിയ സര്‍ക്കാര്‍ ഉത്തരവിനെ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം സ്വാഗതം ചെയ്തു. ആശുപത്രിയുടെ വിപൂലീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും പിന്നീട് തീരുമാനിക്കും. ജില്ലയിലെ ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയെ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധിപ്പിക്കുന്നത് സ്ഥാപനത്തിന്റെ പുരോഗതിക്ക് സഹായകരമായിരിക്കുമെന്നും ജില്ലാ പഞ്ചായത്ത് നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ അനുബന്ധമായി മാറ്റി ഭരണ ചുമതലയും നിയന്ത്രണവും ജില്ലാ പഞ്ചായത്തിന് നല്‍കിയുള്ള ഉത്തവ് ലഭ്യമായി. ഇക്കാര്യം സമിതി ചര്‍ച്ച ചെയ്തു. ജില്ലാ ആശുപത്രിയിലേക്ക് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം മൂന്ന് മാസത്തേക്ക് ഒരു ഡോക്ടര്‍, രണ്ട് നഴ്സുമാര്‍ എന്നിവരെ നിയമിക്കുന്നതിന് ഭരണ സമിതി അംഗീകാരം നല്‍കി.
ധനകാര്യ സ്ഥിരം സമിതിയുടെ 2024 ഫെബ്രുവരി മാസത്തെ വരവ്- ചെലവ് അംഗീകരിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഡോ. ജെ.പി.എസ് ക്ലാസിന്റെ നേതൃത്വത്തില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ക്രാഷ് പ്രോഗ്രാം, മോട്ടിവേഷന്‍ ക്ലാസുകള്‍, മോഡല്‍ എക്സാം, വോയിസ് നോട്‌സ്, നീറ്റ് മോഡല്‍ എക്സാം എന്നിവ നടത്താനും യോഗം തീരുമാനിച്ചു. 2023-24 വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം നടത്തി. പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും സ്പില്‍ ഓവര്‍ പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജി.എച്ച്.എസ്.എസ് കക്കാട്ട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തിയുടെ 50 ശതമാനം മാത്രമാണ് പൂര്‍ത്തകരിച്ചത്. പ്രവൃത്തിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ കരാറുകാരനോട് വിശദീകരണം തേടാനും സമിതി നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാസ്മിന്‍ കബീര്‍, നാരായണ നായിക്, പി.ബി ഷെഫീക്ക്, അബ്ദുള്‍ റഹ്‌മാന്‍, ശൈലജ എം ഭട്ട്, ജമീല സിദ്ദിഖ് ദണ്ഡഗോളി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ്, നിര്‍വഹണോദ്യഗസ്ഥര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.