ലോക ഉപഭോക്തൃ അവകാശ ദിനാചരണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
സമൂഹത്തിലെ അവിഭാജ്യ ഘടകമാണ് ഉപഭോക്താക്കളെന്നും ഉപഭോക്താക്കളെ അവരുടെ അവകാശത്തെപ്പറ്റി ബോധവന്മാരാക്കുക എന്നതാണ് ലോക ഉപഭോക്തൃ അവകാശ ദിനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ജില്ലാ സപ്ലൈ ഓഫീസ് സംഘടിപ്പിച്ച ലോക ഉപഭോക്തൃ അവകാശ ദിനാചരണം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ. പലപ്പോഴും ജനങ്ങള്‍ വ്യാജമായ വാഗ്ദാനങ്ങളില്‍ വഞ്ചിതരാവുന്നുണ്ടെന്നും ഉപഭോക്താക്കളെന്ന നിലയില്‍ നമ്മുടെ അവകാശങ്ങളെപ്പറ്റി നാം ബോധവാന്മാരാകണമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എ കൂട്ടിച്ചേര്‍ത്തു. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡണ്ട് കെ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.എ.രാധാകൃഷ്ണന്‍ ‘ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്വമുള്ളതും നീതിപൂര്‍വ്വകവുമായ നിര്‍മ്മിത ബുദ്ധി’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത് സംസാരിച്ചു. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം കെ.ജി.ബീന സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ എം.സുല്‍ഫിക്കര്‍ സ്വാഗതവും ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ ജി.മാധവന്‍ പോറ്റി നന്ദിയും പറഞ്ഞു.