പാലക്കുന്ന് പൂരോത്സവത്തിന്  ആദിയ  പൂരക്കുഞ്ഞ്

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവനാളിൽ പൂവിടൽ കർമം നിർവഹിക്കുന്നത് പത്തു വയസ്സ് കവിയാത്ത ബാലികയാണ്‌. ഇത്തവണ ആ പുണ്യ കർമം നിർവഹിക്കാൻ ഭാഗ്യം ലഭിക്കുന്നത്  ആദിയ എന്ന  കൊച്ചു ബാലികയ്ക്കാണ്.  ഉത്സവാരംഭ ദിവസമായ  ഞായറാഴ്ച രാത്രി  മുതൽ പൂരം അവസാനിക്കും  വരെ ആദിയ ക്ഷേത്രത്തിലും ഭണ്ഡാരവീട്ടിലും  പൂവിടൽ കർമം നിർവഹിക്കും. ഇവിടെ തന്നെ താമസിക്കും.

ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂളിൽ രണ്ടാം ക്‌ളാസ് വിദ്യാർഥിനിയാണ്. സഹോദരങ്ങളായ അമർനാഥും ആദിനാഥും ഇതേ സ്കൂളിലാണ് പഠിക്കുന്നത് .

 ഭണ്ഡാരവീട്ടിന് വിളിപ്പാടകലെ വടക്കേ വീട്ടിൽ  മണികണ്ഠന്റെയും നിമിഷയുടെയും മകളാണ്. ക്ഷേത്ര പൂജാരി കുടുംബത്തിന് അവകാശപ്പെട്ടതാണ് പൂരക്കുഞ്ഞി സ്ഥാനം. ക്ഷേത്രത്തിൽ കുലകൊത്തി നടത്തുന്ന മറ്റു ഉത്സവങ്ങളുടെ തിരിച്ചെഴുന്നള്ളത്തിന് ഭണ്ഡാരവീട്ടിൽ അരിയിട്ട് എതിരേൽക്കണ്ട അപൂർവ്വ ഭാഗ്യവും പൂരകുഞ്ഞിക്കാണ്. 

പൂവിടൽ

 ഞായറാഴ്ച രാത്രി  ഭണ്ഡാര വീട്ടിൽ നിന്ന് എഴുന്നള്ളത്ത്   മേലേ ക്ഷേത്രത്തിലെത്തി  പ്രദക്ഷിണം പൂർത്തിയാക്കി  ശുദ്ധീകരണ കർമങ്ങളും തുടർന്ന് കലശവുമാടിയ ശേഷം പൂരോത്സവത്തിന്റെ പ്രധാന ചടങ്ങായ പൂവിടൽ തുടങ്ങും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ അടിച്ചുതളിച്ച് കലശാട്ടിനു ശേഷം ക്ഷേത്രത്തിൽ മൂത്ത ഭഗവതി, ഇളയ ഭഗവതി, ദണ്ഡൻ, കണ്ഠാകർണൻ ദേവതകളുടെ  നടകളിലും തിരുമുറ്റത്തും കൊടിമര ചുവട്ടിലും, തേങ്ങാക്കല്ലിലും നിവേദ്യപുരയിലും ബലിക്കല്ലുകളിലും  കിണറിലും  വിഷ്ണുമൂർത്തി, ഗുളികൻ നടകളിലും പൂവിടൽ പൂർത്തിയാക്കും. ശേഷം ഭണ്ഡാര വീട്ടിലെ  വിവിധ പ്രാധാന്യ ഇടങ്ങളിലും പൂരകുഞ്ഞിയെ കൊണ്ട് പൂവിടീക്കും. എല്ലാ ദിവസവും രാവിലെ പൂക്കൂടകളുമായി പൂരക്കുഞ്ഞും കുട്ട്യോളും പൂപറിക്കാൻ യാത്ര തിരിക്കും. പൂക്കൾ ശേഖരിച്ചു വന്നാൽ വട്ടം ചേർന്നിരുന്ന് ഇതളുകൾ തൊല്ലി കൂട്ടയിൽ ഇടും.

Leave a Reply

Your email address will not be published. Required fields are marked *