പാലക്കുന്ന് ക്ഷേത്രത്തില്‍ പൂരോത്സവത്തിന് തുടക്കമായി

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന് ഞായറാഴ്ച രാത്രി മകീര്യം നാളില്‍ തുടക്കമിട്ടു . മുന്നോടിയായി ഭണ്ഡാര വീട്ടില്‍ നര്‍ത്തകന്മാര്‍ കെട്ടിച്ചുറ്റി , കര്‍മികള്‍ തിടമ്പുകള്‍
വഹിച്ച് തിരുവായുധങ്ങളും മേലാപ്പും കുടയും കൈവിളക്കുമായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു.പ്രദക്ഷിണം പൂര്‍ത്തിയാക്കി ശുദ്ധീകരണങ്ങള്‍ക്ക് ശേഷം കലശമാടിയശേഷം പൂരക്കുഞ്ഞ് പൂവിടല്‍ ആരംഭിച്ചു . തുടര്‍ന്ന് പൂരക്കളിയും ഉണ്ടായിരുന്നു. 20 വരെ രാത്രിയില്‍ പൂരക്കളി ഉണ്ടാകും. തുടര്‍ന്ന് 21നും 22നും പകല്‍ നടക്കുന്ന മറുത്തു കളിയില്‍ പണിക്കന്മാര്‍ ഏറ്റുമുട്ടും. സംസ്‌കൃതത്തില്‍ എഴുതപ്പെട്ട പുരാണേതിഹാസങ്ങള്‍ ചൊല്ലി മലയാളത്തില്‍ വ്യാഖ്യാനിച്ചു ചോദ്യങ്ങളും അതിന് ഉത്തരങ്ങളും നല്‍കുന്ന വിദ്വല്‍സദസ്സാണ് മറുത്തുകളി.പണിക്കന്മാരുടെ തര്‍ക്കങ്ങള്‍ മൂക്കുമ്പോള്‍ ജഡ്ജിയായി കളി നിയന്ത്രിക്കുന്നയാള്‍ ഇടപെടുന്നതാണ് രീതി.23ന് മൂന്ന് പണിക്കന്മാരുടെ ഒത്തുകളിയും നടക്കും.

ആദിയ പൂരക്കുഞ്ഞ്

പാലക്കുന്ന് : പൂരം പെണ്‍കുട്ടികളുടെ വസന്തോത്സവമാണെന്നാണ് വെപ്പ്. പാലക്കുന്നില്‍ പൂവിടലും പൂരക്കളിയും പൂരംകുളിയുമാണ് പ്രധാന ചടങ്ങുകള്‍. പൂരോത്സവം തുടങ്ങുന്ന ആദ്യ ദിവസം രാത്രി തന്നെ പൂവിടല്‍ ആരംഭിച്ചു. പത്ത് വയസ്സ് കവിയാത്ത ക്ഷേത്ര പൂജാരി കുടുംബത്തിലെ ബാലികയ്ക്കാണ് ആ വിശേഷാല്‍ കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിക്കുന്നത് . ഇത്തവണ പാലക്കുന്ന് വടക്കേവീട്ടില്‍ മണികണ്ഠന്റെയും നിമിഷയുടെയും മകളായ ആദിയയ്ക്കാണ് പൂരകുഞ്ഞാകാന്‍ നിയോഗം ലഭിച്ചത്.
ഉത്സവം കഴിയും വരെ ക്ഷേത്രത്തിലും ഭണ്ഡാരവീട്ടിലും അനുഷ്ഠാന നിര്‍വഹണ പ്രാധാന്യമുള്ള ഇടങ്ങളില്‍ കര്‍മികളുടെ സഹായത്തോടെ ഈ കൊച്ചു ബാലിക പൂവിടല്‍ നടത്തും.ഉദുമ പടിഞ്ഞാര്‍ അംബിക എ എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *