ചാന്ദിനി ചികിത്സാ സഹായത്തിനായി മൂകാംബിക ട്രാവല്‍സിന്റെ 78-ാമത് ജീവകാരുണ്യയാത്ര തുടങ്ങി

ബന്തടുക്ക: മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിന്‍ഡ്രം എന്ന അപൂര്‍വ്വവും മാരകവുമായ രോഗം ബാധിച്ച് ഹൈദരാബാദ് എ.ഐ.ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദേലമ്പാടി ഗ്രാമപഞ്ചായത്തിലെ ചാപ്പക്കല്‍ സ്വദേശിനി ചാന്ദിനിയുടെ ചികിത്സചിലവിലേക്ക് സാമ്പത്തികം കണ്ടെത്തുന്നതിനാണ് മൂകാംബിക ട്രാവല്‍സ് ബന്തടുക്ക-പൊയിനാച്ചി-കാസര്‍ഗോഡ് റൂട്ടില്‍ ഇന്ന് കാരുണ്യയാത്ര നടത്തുന്നത്. കഴിഞ്ഞമാസം 16-ാം തീയ്യതിയാണ് ചാന്ദിനിയെ ഹൈദരാബാദിലുള്ള ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയില്‍ പുരോഗതി ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആറ് മാസക്കാലം ചികിത്സ തുടരേണ്ടതുണ്ട്. ഭീമമായ തുക കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ചാന്ദിനിയുടെ കുടുംബത്തെ സഹായിക്കാന്‍ ചികിത്സാ സഹായ സമിതി രൂപീകരിക്കുകയും ധനസമാഹരണം നടത്തിവരികയും ചെയ്യുന്നുണ്ട്. എങ്കിലും ചിലവ് ഭാരിച്ചതാകയാല്‍ സമിതി പ്രവര്‍ത്തകര്‍ ഏറെ കഷ്ടപ്പെടുന്നുണ്ട്. സമിതി പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥനയും രോഗ ഗൗരവവും കണക്കിലെടുത്ത് മൂകാംബിക ട്രാവല്‍സ് ഉടമ ഇതിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കാരുണ്യയാത്രയുടെ ഉദ്ഘാടനം ചാന്ദിനി ചികിത്സാ സഹായ സമിതി ചെയര്‍മാന്‍ എ.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. സമിതി ഭാരവാഹികളായ സുഭാഷ് വനശ്രീ, മഹേഷ് ചാപ്പക്കല്‍, ഉണ്ണികൃഷ്ണന്‍ ചിക്കണ്ടമൂല, ബാലകൃഷ്ണന്‍ ചാപ്പക്കല്ല്, സലാം ഏണിയാടി എന്നിവര്‍ നേതൃത്വം നല്‍കി. ഓട്ടോ തൊഴിലാളികള്‍, നാട്ടുകാര്‍, ചുമട്ടുതൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *