കാസര്‍ഗോഡ്: ആദ്യ ടോക്കണ്‍ നല്‍കിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഭരണാധികാരിക്കും പൊലീസിനും എതിരെയാണ് ഉണ്ണിത്താന്റെ പരാതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും കളക്ടര്‍ കെ ഇമ്ബശേഖര്‍ വിവേചനപരമായി പെരുമാറിയെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.
‘നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജോത്സ്യന്‍ കുറിച്ചു തന്ന സമയം രാവിലെ 10 നും 12 നും ഇടയിലാണ്. അത് നേരത്തെ വരണാധികാരിയെ അറിയിച്ചിരുന്നു. ഈശ്വരവിശ്വാസിയാണ്. സ്വാഭാവികമായും ജാതക പ്രകാരം ഇതൊക്കെ നോക്കിയാണ് നോമിനേഷന്‍ കൊടുക്കുന്നത്. എന്നാല്‍ 10 മണിക്ക് കളക്ട്രേറ്റ് ഓഫീസില്‍ ആരാണോ ആദ്യം എത്തുന്നത് അവര്‍ക്ക് ഒന്നാമത്തെ ടോക്കണ്‍ കൊടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. നോമിനേഷന്‍ വെരിഫൈ ചെയ്യാന്‍ 40 മിനിറ്റ് വേണം. ഞാന്‍ 9 മണിക്ക് കളക്ട്രേറ്റില്‍ എത്തി. മുന്നില്‍ നിന്നു. മറ്റാരും ഉണ്ടായിരുന്നില്ല. ഞാന്‍ മാത്രമെ എത്തിയുള്ളൂ. എന്നാല്‍ അതിനകം തന്നെ ഒന്നാമത്തെ കൂപ്പണ്‍ കൊടുത്തുകഴിഞ്ഞിരുന്നു. രണ്ടാമത്തേത് തരാം എന്ന് പറഞ്ഞപ്പോള്‍ ‘നിന്റെ ഔദാര്യം എനിക്ക് വേണ്ടെന്ന്’ പറഞ്ഞു. കളക്ടര്‍ നീതിപൂര്‍വ്വമല്ല പ്രവര്‍ത്തിച്ചത്. ഭരണത്തിന്റെ സ്വാധീനത്തില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തികാണണം എന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.അതേസമയം, രാജ് മോഹന്‍ ഉണ്ണിത്താന്റെ ആരോപണങ്ങളെ തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രംഗത്തെത്തി. വസ്തുതാ വിരുദ്ധമായാണ് കാര്യങ്ങള്‍ സംസാരിക്കുന്നതെന്ന് എം വി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫ് പ്രതിനിധി അസീസ് കടപ്പുറം ഏഴുമണിക്ക് തന്നെ കളക്ടറേറ്റില്‍ എത്തിയതായാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. 9 മണിയോടെ രാജ്മോഹന്‍ ഉണ്ണിത്താനും എത്തി. ആദ്യം എത്തുന്നയാള്‍ക്ക് പത്ത് മണിയ്ക്ക് ടോക്കണ്‍ നല്‍കുമെന്നാണ് കളക്ടര്‍ അറിയിച്ചത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കാസര്‍ഗോഡ് കളക്ടറേറ്റില്‍ രാവിലെ ആദ്യം എത്തിയത് താനാണെന്നും എന്നാല്‍ പിന്നീട് വന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് കളക്ടര്‍ ആദ്യം ടോക്കണ്‍ നല്‍കിയതെന്നുമാണ് ഉണ്ണിത്താന്‍ ആരോപിച്ചത്. ഇന്നലെ തന്നെ ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിനു മുന്നില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ ഇമ്ബശേഖര്‍ നീതിപൂര്‍വ്വമല്ലാതെ പ്രവര്‍ത്തിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.