തിരുവനന്തപുരം: തിരുവനന്തപുരത്തെ അത്യാധുനിക രോഗനിര്‍ണ്ണയ സാങ്കേതിക വിദ്യയുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമം ഉണ്ടാകണെമന്ന് അതിന് തന്റെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടാകുമെന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരത്തെ ഡോക്ടര്‍ന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘എ പ്രിസ്‌ക്രിപ്ഷന്‍ ഫോര്‍ ഹെല്‍ത്ത്’ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക ആരോഗ്യ വെല്ലുവിളികളെ വേണ്ടത്ര അഭിമുഖീകരിക്കുന്നതില്‍ നമ്മള്‍ പരാജയമാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രോഗങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ നമ്മുടെ ആശുപത്രികളിലെ സൗകര്യങ്ങള്‍. എന്നാല്‍, കോവിഡ് മഹാമാരിക്ക് ശേഷം പുതിയ ആരോഗ്യപ്രതിസന്ധികളാണ് നമ്മുടെ സമൂഹം നേരിടുന്നത്. യുവജനങ്ങളില്‍ വളരെ നേരത്തെ തന്നെ സംഭവിക്കുന്ന ഹൃദയാഘാതങ്ങള്‍, ഡയബറ്റിക്, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങി അനവധി പ്രശ്‌നങ്ങള്‍ക്ക് അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ നമുക്ക് വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിവേഗം വളരുന്ന മേഖലയെന്ന നിലയില്‍ ഹെല്‍ത്ത് ടൂറിസത്തിന്റെ തിരുവനന്തപുരത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി പുതിയ ദിശാബോധം നല്‍കി ഇവിടം മികച്ചതാക്കാനുള്ള എല്ലാ പരിശ്രമവും തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചു. ആയുഷ്മാന്‍ ഭാരത് വിജയകരമായി നടപ്പിലാക്കുന്നത് ഇന്ത്യാ ഗവണ്‍മെന്റിന്റെയും കേരള സര്‍ക്കാരിന്റെയും സഹകരണത്തോടെയുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തില്‍ ഫണ്ടിന്റെ അപര്യാപ്തത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാരിനൊപ്പം തന്നെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ണായക പങ്ക് വഹിക്കണമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാണ്. പദ്ധതി നടപ്പിലാക്കുന്നതിന് നേരിടും കാലവിളംബം പരിഹരിക്കുമെന്നും പദ്ധതിയുടെ ഭാഗമായി കവറേജ് തുക വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഹെല്‍ത്ത് ടൂറിസത്തെക്കുറിച്ചും എയിംസ് സ്ഥാപിക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഈ വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തി ഒരു സമഗ്ര വിഷന്‍ പ്ലാന്‍ ഉണ്ടാക്കുമെന്നും. പല മേഖലയില്‍ വിദഗ്ദ്ധന്മാരുമായി ചേര്‍ന്ന് ഇത്തരത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു അവരുടെ ഉള്‍ക്കാഴ്ചകള്‍ ഉള്‍പ്പെടുത്തി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ടി പി ശ്രീനിവാസന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, ഡോ എം കെ സി നായര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു