പാലക്കുന്ന് : ചടുലമായ ചുവടുകളും അതുല്യമായ മെയ് വഴക്കുമായി മറക്കളത്തിലെത്തിയ കണ്ടനാര്‍ കേളനെ ആര്‍പ്പുവിളികളുമായി ആയിരങ്ങള്‍ വരവേറ്റപ്പോള്‍ തറവാട്ടു കാരുടെയും ദേശവാസികളുടെയും അരനൂറ്റാണ്ടു നീണ്ട കാത്തിരിപ്പിന് സുകൃത പുണ്യമായി. കണ്ടനാര്‍ കേളന്റെ ബപ്പിടല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്നലെ രാത്രി നാടൊന്നാകെ കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാന സന്നിധിയിലേക്ക് ഒഴുകിയെത്തി.മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുന്ന തെയ്യംകെട്ട് ഉത്സവങ്ങളില്‍
കൂടുതല്‍ ജനങ്ങള്‍ തറവാട്ടിലെത്തുന്നത് സവിശേഷ അനുഷ്ഠാനമായ ബപ്പിടല്‍ ചടങ്ങ് നടക്കുന്ന ദിവസമാണ്.
ഇന്നലെ വൈകീട്ട് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടത്തിന് ശേഷമാണ് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ മുഖ്യചടങ്ങായ ബപ്പിടല്‍ പൂര്‍ത്തിയാക്കിയത്. വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലിന് ശേഷം വയനാട്ടുകുലുവന്‍ തെയ്യത്തിന്റെ വെള്ളാട്ടം കെട്ടിയാടി.
ഇന്ന് വൈകുന്നേരം 4മണിയോടെ വയനാട്ടുകുലവന്‍ അരങ്ങിലെത്തും. വേഷത്തിലും നൃത്തത്തിലും ആചാരാനുഷ്ഠാനങ്ങളിലും വട്ടമുടിയും അരയാടയും പൊയ്ക്കണ്ണും വെള്ളത്താടിയും കന്നക്കത്തിയും മുളയമ്പും മുളവില്ലും ഒന്നായുള്ളത് കുലവന്റെ പ്രത്യേകതയാണ്.
പാലക്കുന്ന് ക്ഷേത്ര സ്ഥാനികരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ചൂട്ട് വെളിച്ചപ്പാടന്റെ സഹായത്തോടെ അതിനായി നിയുക്തനായ ആള്‍ തെയ്യത്തിന് സമര്‍പ്പിക്കും. ഈ ചൂട്ടുമായുള്ള കുലവന്റെ നൃത്തം ഏറെ ഹൃദ്യമാണ്. ഉത്സവം കഴിഞ്ഞാല്‍ ഈ ചൂട്ടിന്‍കുറ്റി കൊട്ടിലകത്ത് സൂക്ഷിച്ചു വെക്കും. വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടിന് ശേഷം മറപിളര്‍ക്കലും കൈവീതും കഴിഞ്ഞാല്‍ ഇന്ന് അര്‍ധരാത്രിയോടെ തെയ്യംകെട്ട് സമാപിക്കും.
മതമൈത്രി സന്ദേശവുമായി ബോനം കൊടുക്കല്‍
പാലക്കുന്ന് : വയനാട്ടുകുലവന്‍ തെയ്യംകെട്ടുകളില്‍ ബോനം കൊടുക്കല്‍ ചടങ്ങ് ഏറെ പ്രാധാന്യമുള്ളതാണ്. മതമൈത്രി സന്ദേശമുണര്‍ത്തുന്ന ചടങ്ങ് കുഞ്ഞാലിയ്ക്ക് കുലവനുമായുള്ള സൗഹൃദം പുതുക്കല്‍കൂടിയാണ്. കുഞ്ഞാലിയെ രാജകോപത്തില്‍ നിന്ന് കുലുവന്‍ രക്ഷിച്ചുവെന്നാണ് ഐതീഹ്യം. അന്ന് കുഞ്ഞാലി മധുപ്രിയനായ കുലവന് ആരും കാണാതിരിക്കാന്‍ തലയില്‍ മുണ്ടിട്ട് കള്ള് കൊടുത്തുവത്രേ. അതിന്റെ ഓര്‍മപുതുക്കലാണ് ഇന്ന് മറക്കളത്തില്‍ നടക്കുന്ന ബോനം കൊടുക്കല്‍.