പാലക്കുന്ന് : കഴകത്തിലെ പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതിയുടെ ഗുരുപ്രസാദം ഓഫീസ് കെട്ടിടത്തിന്റെ രജത ജൂബിലി ആഘോഷം ഞായറാഴ്ച നടക്കും. രാവിലെ 9 മുതല്‍ ചിത്രരചന, പ്രശ്‌നോത്തരി മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് സമൂഹസദ്യ ഉണ്ടാകും. വൈകീട്ട് 4ന് സാംസ്‌കാരിക സമ്മേളനത്തില്‍ ക്ഷേത്ര സ്ഥാനികര്‍ ഭദ്രദീപം കൊളുത്തും. പ്രസിഡന്റ് പി. കുമാരന്റെ അധ്യക്ഷതയില്‍ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. പാലക്കുന്ന് കഴകം ഭരണസമിതി ഭാരവാഹികള്‍, മാതൃസമിതി പ്രസിഡന്റ് തുടങ്ങി ഒട്ടേറെ പേര്‍ വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ചു സംസാരിക്കും. പ്രാദേശിക സമിതിയുടെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജിമാരെയും, ആദ്യകാല അഞ്ചലോട്ടക്കാരന്‍ കുഞ്ഞിരാമന്‍ എന്നിവരെ ആദരിക്കും. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കും. 6.30ന് മാതൃസമിതിയുടെ തിരുവാതിരക്കളിയും ഗുരുവാദ്യ സംഘത്തിന്റെ ഫ്യൂഷന്‍ ശിങ്കാരിമേളവും മറ്റു വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
പാലക്കുന്ന് കഴകത്തില്‍ സ്വന്തമായി ഓഫീസ് കെട്ടിടം പണിയിച്ച ആദ്യ പ്രാദേശിക സമിതിയാണിത്. അതിന്റെ രജത ജൂബിലി വര്‍ഷമാണിത്. ക്ഷേത്ര ഭരണസമിതി നിലവില്‍ വന്ന ശേഷം ഭരണി ഉത്സവത്തിന് 65 വര്‍ഷം തുടര്‍ച്ചയായി കാഴ്ചാസമര്‍പ്പണം നടത്തിത്തിയത് പള്ളിക്കര-തണ്ണീര്‍പുഴ കാഴ്ച കമ്മിറ്റിയായിരുന്നു. ദേവിക്കുള്ള കാഴ്ചാസമര്‍പ്പണമായി 2018ല്‍ നിര്‍ധനകുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കി മാതൃകയായ കാഴ്ചാകമ്മിറ്റിയാണിത്. സംസ്ഥാനത്തിനകത്തും പുറത്തും ശിങ്കാരിമേളം അവതരിച്ചിച്ച ഗുരുവാദ്യ സംഘം ഈ പ്രാദേശിക സമിതിയുടെ കീഴിലാണ്. രജതജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ പി. കുമാരന്‍, രാഘവന്‍ ശക്തിനഗര്‍, സജിത്ത് കട്ടേരി, റോഷന്‍, ചന്ദ്രന്‍ ശക്തിനഗര്‍ എന്നിവര്‍ അറിയച്ചു.