ബെംഗളുരുവില്‍ വെള്ളമില്ലാതെ വലഞ്ഞ് മലയാളികള്‍: വാഹനങ്ങള്‍ കഴുകി പിഴയടയ്ക്കുന്നവരുടെ എണ്ണം കൂടുന്നു

ബെംഗളുരു: ഐ.ടി നഗരമായ ബെംഗളുരുവില്‍ വെള്ളം കിട്ടാനില്ല. ഇതിനിടെ നിയമലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുകയാണ് ബെംഗളുരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡ്. ചൊവ്വാഴ്ച ഉഗാദി ദിനത്തില്‍ സ്‌കൂട്ടര്‍ കഴുകാന്‍ ശ്രമിച്ചതിന് വിജ്ഞാനനഗര്‍ സ്വദേശിക്ക് അധികൃതര്‍ പിഴ ചുമത്തി. വാഹനം കഴുകാന്‍ കാവേരി നദിയില്‍ നിന്ന് വിതരണം ചെയ്ത വെള്ളം ഉപയോഗിച്ചതായി കണ്ടെത്തിയപ്പോള്‍ 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

വാഹനങ്ങള്‍ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിച്ചതിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിക്കപ്പെടുന്ന 407-ാമത്തെ ആളാണ് അദ്ദേഹമെന്ന് ബെംഗളുരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 9 വരെ 407 പേര്‍ക്ക് പിഴ ചുമത്തുകയും നിയമലംഘകരില്‍ നിന്ന് 20.3 ലക്ഷം രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ബെംഗളുരു നഗരം രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലകപ്പെട്ടതോടെയാണ് വെള്ളത്തിന്റെ ദുരുപയോഗം തടയാന്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ ബെംഗളുരുവിലെ ഹൗസിംഗ് സൊസൈറ്റികള്‍ കടുപ്പിച്ചത്. ഇതിനിടെ വരള്‍ച്ച രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ സ്ഥാപനത്തിന് വെള്ളം മറിച്ച് വിറ്റ സ്വകാര്യ ടാങ്കര്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ജല പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ടാങ്കറുകള്‍ ജലവിതരണം ഏല്‍പ്പിച്ചതിന് പിന്നാലെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *