ബെംഗളൂരു: കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് വരാന്‍ എം.എല്‍.എമാര്‍ക്ക് 50 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി സിദ്ധരാമയ്യ. കര്‍ണാടകയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓപ്പറേഷന്‍ താമരക്കുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്ന ബി.ജെ.പി ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പരാജയമുണ്ടായാല്‍ സര്‍ക്കാര്‍ തകരുമോയെന്ന ചോദ്യത്തോട് ഒരിക്കലുമില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ഒരിക്കലും സര്‍ക്കാര്‍ തകരില്ല. ഞങ്ങളുടെ എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് പോകില്ല.
ഒരു എം.എല്‍.എ പോലും കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് പോകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. നേരത്തെ കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമര നടപ്പിലാക്കുമെന്ന് ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ പറഞ്ഞിരുന്നു. 2024ലെ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമര വരുമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും പറഞ്ഞിരുന്നു. ഓപ്പറേഷന്‍ താമരക്കുള്ള ശ്രമം ബി.ജെ.പി നടത്തുന്നുണ്ടെന്ന ആരോപണം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഉന്നയിച്ചിരുന്നു.