കടലാക്രമണം; തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (കചഇഛകട) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദേശം നല്‍കി. ബിആര്‍ഡി സിയുടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു ബേക്കല്‍ പള്ളിക്കര ബീച്ച്, ഹൊസ്ദുര്‍ഗ് കൈറ്റ് ബീച്ച്, ചെമ്പരിക്ക, അഴിത്തല, വലിയപറമ്പ കണ്വതീര്‍ത്ഥ ബീച്ചുകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുടെ പ്രവേശനവും താല്‍ക്കാലികമായി നിരോധിച്ചു.
തീരദേശ പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. കടലാക്രമണ ബാധിത പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെയോ സ്‌കൂളുകളുടെയോ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അതത് തഹസില്‍ദാര്‍മാര്‍ക്കും ക്യാമ്പുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തീരദേശ പോലീസ് സ്റ്റേഷനുകള്‍, ഫയര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *