വീണ്ടും സൈബര്‍ തട്ടിപ്പ്; സംരഭകയ്ക്ക് നഷ്ടമായത് രണ്ടരകോടി രൂപ

മധ്യവയസ്‌കയായ സംരംഭകയ്ക്ക് സൈബര്‍ തട്ടിപ്പില്‍ നഷ്ടമായത് രണ്ടരക്കോടിയോളം. ഏപ്രില്‍ ആറിനും ഏപ്രില്‍ 22നും ഇടയിലായിരുന്നു സംഭവം.

എളുപ്പത്തില്‍ പണം സമ്ബാദിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇവരെ തട്ടിപ്പുകാര്‍ പ്രലോഭിപ്പിച്ചത്. മൊബൈല്‍ ഫോണിലേക്ക് വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ തട്ടിപ്പില്‍ അകപ്പെടുകയായിരുന്നു.

ആദ്യം ഒരു ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പിലേക്കായിരുന്നു മധ്യവയസ്‌കയെ തട്ടിപ്പുകാര്‍ ക്ഷണിച്ചത്. യൂട്യൂബ് ചാനലുകള്‍ ലൈക് ചെയ്യലായിരുന്നു ആദ്യത്തെ ജോലി. അങ്ങനെ ചെയ്താല്‍ ധാരാളം പണം ലഭിക്കുമെന്നും അവരോട് പറഞ്ഞു. വൈകാതെ തട്ടിപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു. വരുമാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന വാഗ്ദാനം നല്‍കി ഇരയില്‍ നിന്ന് ധാരാളം പണം നിക്ഷേപമായി അവര്‍ സ്വന്തമാക്കി. തട്ടിപ്പുകാരെ കണ്ണടച്ച് വിശ്വസിച്ച മധ്യവയസ്‌ക കൈയ്യിലുള്ള 2.7 കോടി രൂപ ഇത്തരത്തില്‍ നിക്ഷേപമായി നല്‍കി.

വഞ്ചന മനസ്സിലാക്കിയ ഇര ഉടന്‍ തന്നെ സംഭവം സൈബര്‍ ക്രൈം പൊലീസിനെ അറിയിക്കുകയും, പൊലീസ് കുറ്റവാളികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി മരവിപ്പിക്കുകയും ചെയ്തു. ഇരകളെ തങ്ങളുടെ സ്‌കീമുകളുടെ ‘നിയമസാധുത’ പറഞ്ഞു വിശ്വസിപ്പിക്കാനായി തട്ടിപ്പുകാര്‍ ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങളാണ് ഉപയോഗിച്ചത്.

അതേസമയം, തട്ടിപ്പുകാരെ കണ്ടെത്തിയ പൊലീസ് ഇരക്ക് പെട്ടന്ന് തന്നെ പണം തിരികെ നല്‍കാനുള്ള നടപടികളിലാണ്. കോടതിയുടെ അനുമതിയോടെ 1.7 കോടി രൂപ ഇരയ്ക്ക് ഒറ്റ ഗഡുവായി തിരികെ നല്‍കുമെന്നും ബാക്കിയുള്ളതില്‍ 30 ലക്ഷം രൂപയുടെ ക്ലിയറന്‍സിനായി കാത്തിരിക്കുകയാണെന്നും ഡിസിപി (ഈസ്റ്റ്) കുല്‍ദീപ് കുമാര്‍ ജെയിന്‍ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *