പാലക്കുന്ന്: അവധി പൂര്‍ത്തിയാക്കി തിരിച്ചെത്തുന്നവരെയും നവാഗതരായ കുരുന്നുകളെയും ഏറെ പുതുമകളോടെ വരവേല്‍ക്കാന്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. സ്‌കൂള്‍ തുടങ്ങിയതിന്റെ നാല്പതാം വാര്‍ഷികവും സിബിഎസ്ഇ അഫിലിയേഷന്‍ കിട്ടിയതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ മനം കവരും വിധം സ്‌കൂള്‍ മതിലുകളില്‍ വര്‍ണ ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാക്കുന്ന തിരക്കിലാണ് നിറങ്ങളുടെ കൂട്ടുകാരനായ ചിത്രകാരന്‍ ദേവദാസ് പെരിയയും സ്‌കൂളിലെ ചിത്രകല അധ്യാപകനായ രാജു മാസ്റ്ററും. ഈ അധ്യയനവര്‍ഷം മുതല്‍ സ്‌കൂള്‍ യൂണിഫോമിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. അതോടൊപ്പം ക്ലാസ് മുറികളും അതിമനോഹരമാക്കി. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അധ്യായനം നടത്തുന്നതിന് വേണ്ടിയുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ സമിതി ഭാരവാഹികളും പ്രിന്‍സിപ്പല്‍ എ. ദിനേശനും പറഞ്ഞു.