കൊച്ചി: വായ്പാ രംഗത്ത് നേട്ടമുണ്ടാക്കുന്ന സഹകരണത്തിനായി സൗത്ത് ഇന്ത്യന്‍ ബാങ്കും നോര്‍ത്തേണ്‍ ആര്‍ക് കാപിറ്റലും ധാരണാ പത്രം ഒപ്പു വെച്ചു. നോര്‍ത്തേണ്‍ ആര്‍കിന്റെ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോമായ എന്‍പോസ് പ്രയോജനപ്പെടുത്താനും വായ്പകള്‍ക്കു തുടക്കം കുറിക്കുന്ന നടപടി ക്രമങ്ങൾ, വിതരണം, അണ്ടര്‍റൈറ്റിങ്, കളക്ഷൻ, റീകൺസിലിയേഷൻ തുടങ്ങിയ മേഖലകളെ മെച്ചപ്പെടുത്താനും ഈ സഹകരണം സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സഹായിക്കും.
പുതുമയുള്ള പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനും സുസ്ഥിര വളര്‍ച്ച നേടാനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ ദൃശ്യമാകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു. ഇരു സ്ഥാപനങ്ങളുടേയും കഴിവുകള്‍ കൂട്ടായി പ്രയോജനപ്പെടുത്തി സാമ്പത്തിക മേഖലയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. ബാങ്ക് ഇടപാടുകാർക്ക് മാത്രമല്ല ബന്ധപ്പെട്ട എല്ലാവര്‍ക്കും നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നതായിരിക്കും ഈ സഹകരണം. സാമ്പത്തിക മേഖലയില്‍ പുതിയ നിലവാരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡിജിറ്റല്‍ മുന്നേറ്റങ്ങള്‍ ശക്തമാക്കുന്ന ഈ സഹകരണത്തില്‍ അതിയായ സന്തോഷം ഉണ്ടെന്നു നോര്‍ത്തേണ്‍ ആര്‍ക് കാപിറ്റല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആഷിഷ് മെഹ്‌റോത്ര പറഞ്ഞു. മെച്ചപ്പെട്ട വായ്പവിതരണം , വ്യക്തിഗത ആനുകൂല്യങ്ങള്‍, മികച്ച രീതിയിലെ ഇടപെടലുകള്‍ തുടങ്ങിയവയ്ക്ക് ഇതു സഹായകമാകും. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിപുലമായ സാന്നിധ്യവും നോര്‍ത്തേണ്‍ ആര്‍കിന്റെ ഈ രംഗത്തെ അനുഭവ സമ്പത്തും കൂടുതല്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങിൽ സൗത്ത് ഇന്ത്യന്‍ ബാങ്ക് സോണല്‍ കോർപ്പറേറ്റ് സെയിൽസ് മേധാവിയും ഡിജിഎമ്മുമായ യു രമേശ്, ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് മേധാവിയും എജിഎമ്മുമായ പ്രശാന്ത് ജോര്‍ജ്ജ് തരകന്‍, മുംബൈ റീജണല്‍ മേധാവിയും ഡിജിഎമ്മുമായ പ്രജിന്‍ വര്‍ഗീസ്, നോര്‍ത്തേണ്‍ ആര്‍ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഡയറക്ട് ഒര്‍ഗനൈസേഷന്‍സ് അമിത്ത് മന്‍ധന്യ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാര്‍ക്കറ്റ്‌സ് സന്ധ്യ ധവാന്‍, ചീഫ് ഓഫ് സ്റ്റാഫ് ഗീതു സെഹ്ഗാള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് മാർക്കറ്റ്സ് സുമന്ത് പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.