പൂടംകല്ല് മൂതല്‍ പാണത്തൂര്‍ ചെറങ്കടവ് വരെയുള്ള റോഡ് വികസനം പല സ്ഥലത്തും ആവശ്യത്തിന് സ്ഥലം ഏറ്റെടുക്കാതെയാണ് നടത്തുന്നതെന്ന് മലനാട് വികസന സമിതി.

രാജപുരം : കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തിയിട്ടും പൊതുമരാമത്ത് വകുപ്പ് അത് പൂര്‍ണമായും ഏറ്റെടുക്കാത്തതിനാല്‍ വികസനം തടസ്സപ്പെടുന്നതായി പരാതി. നിലവില്‍ പൂടുംകല്ല് മൂതല്‍ പാണത്തൂര്‍ ചെറങ്കടവ് വരെയുള്ള റോഡ് വികസനം പല സ്ഥലത്തും ആവശ്യത്തിന് സ്ഥലം ഏറ്റെടുക്കാതെയാണ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. പൂടംകല്ല് ,കള്ളാര്‍, പനത്തടി, ബളാംതോട് എന്നീ പ്രധാന ടൗണുകളില്‍ വികസനം പാതി വഴിയിലാണ്. സംസ്ഥാന പാതയില്‍ ഡിജിറ്റല്‍ സര്‍വ്വേ നടത്തി അളന്നു തിട്ടപ്പെടുത്തിയ പുറമ്പോക്ക് ഭൂമിയുടെ അതിര്‍ത്തിക്കകത്ത് വരുന്ന കെട്ടിടങ്ങള്‍ക്കും 3 മീറ്റര്‍ പരിധിക്കകത്തുള്ള നിര്‍മാണങ്ങള്‍ക്കും നിലവില്‍ പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കുന്നുവെന്ന്. അനധികൃത കെട്ടിടങ്ങളുടെ നമ്പര്‍ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് മലനാട് വികസന സമിതി കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പാണത്തൂര്‍ ചെറങ്കടവ് റോഡില്‍ എസ്റ്റിമേറ്റ് പ്രകാരം13.60 മീറ്ററില്‍ റോഡ് നിര്‍മാണം നടക്കുന്നുണ്ടെന്നും പുറമ്പോക്ക് ഭൂമിയില്‍ ദൂര പരിധി ലംഘിച്ചുള്ള നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്ത് അധികൃതരാണെന്നു മാണ് കെആര്‍എഫ്ബിയുടെ വിശദീകരണം. അതേ സമയം പല സ്ഥലത്തും റോഡിന് ആവശ്യമായ വീതി ഇല്ലെന്നും വളവുകള്‍ നിവര്‍ത്താതെ നിലവിലെ റോഡ് അലൈന്‍മെന്റില്‍ തന്നെ നിര്‍മ്മാണം നടത്തുകയാണെന്നും മലനാട് വികസന സമിതി ഭാരവാഹികള്‍ ആരോപിക്കുന്നു. രാജപുരം, മാലക്കല്ല് എന്നിവിടങ്ങളില്‍ 4 വരി പാതയാണ് എസ്റ്റിമേറ്റില്‍ പറയുന്നത്. എന്നാല്‍ ഇതിനാവശ്യമായ രീതിയിലല്ല നിര്‍ മ്മാണം നടക്കുന്നത്. റോഡ് കയ്യേറി നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്കും, 3 മീറ്റര്‍ പരിധി പാലിക്കാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രം കെട്ടിട നമ്പര്‍ നല്‍കാന്‍ അധികൃതര്‍ തയാറാകണമെന്നും ഇല്ലെങ്കില്‍ നിയമ വഴി തേടുമെന്നും മലനാട് വികസന സമിതി ജനറല്‍ സെക്രട്ടറി ബാബു കദളിമറ്റം. ട്രഷറര്‍ ആര്‍.സൂര്യനാരായണ ഭട്ട്, സെക്രട്ടറി ബി.അനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *