പാലക്കുന്ന് കഴകം പടിഞ്ഞാര്‍ക്കരയില്‍ പൂരക്കളി പരിശീലന കളരി തുടങ്ങി കുട്ടികളും മധ്യവയസ്‌ക്കരും കളി പഠിക്കാനെത്തുന്നു

പാലക്കുന്ന് : ക്ഷേത്ര അനുഷ്ഠാന കലയായ പൂരക്കളി കളിക്കാന്‍ ആളുകള്‍ കുറഞ്ഞുവരുന്നുവെന്ന ആശങ്ക മറികടന്ന് പാലക്കുന്ന് കഴകം ഉദുമ പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതി ആരംഭിച്ച പൂരക്കളി പരിശീലന കളരിയില്‍ വന്‍ പങ്കാളിത്തം. പടിഞ്ഞാര്‍ കൊപ്പല്‍ വീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ ഒരുക്കിയ കളിക്കളത്തില്‍ ക്ഷേത്ര പൂരക്കളി പണിക്കര്‍ പി. വി. കുഞ്ഞിക്കോരന്റെ മേല്‍നോട്ടത്തിലാണ് പൂരക്കളി പരിശീലനത്തിന് തുടക്കമിട്ടത്. തറവാട്ടിലെ പതിവ് സന്ധ്യാദീപത്തിന് ശേഷം പരിശീലനത്തിനായി പ്രത്യേകം ഒരുക്കിയ കളത്തില്‍ നിലവിളക്ക് കൊളുത്തി തുടങ്ങുന്ന കളി രാത്രി 9 മണിവരെ നീളുന്നുണ്ട്. ഒന്നാം ക്ലാസ് തൊട്ട് കോളേജ് വിദ്യാര്‍ഥികളും മധ്യ വയസ്‌ക്കരുമടക്കം നിരവധി പേര്‍ കളി അഭ്യസിക്കാന്‍ എത്തുന്നുണ്ട്. പരിശീലനക്കളി കാണാനും നിരവധി പേര്‍ എത്തുന്നുണ്ട്. ക്ഷേത്ര പണിക്കരെ കൂടാതെ രാജു പണിക്കര്‍, മോഹനന്‍ ചെണ്ട, കൃഷ്ണന്‍ ചെങ്കളോന്‍, പുരുഷോത്തമന്‍ കളനാട്, ബാബു പള്ളം, രമേശന്‍ ചുള്ളി, ഇന്ദ്രന്‍ ഉദയമംഗലം, വാസു ചെണ്ട, മനോജ് കൊപ്പല്‍, കുമാരന്‍ തായത്ത് എന്നിവരാണ് പരീശീലകര്‍. സ്‌കൂള്‍ വേനലവധിയില്‍ കുട്ടികളെ ഉദ്ദേശിച്ചാണിത് തുടങ്ങിയതെങ്കിലും സ്‌കൂള്‍ തുറന്നാലും അവധി ദിവസങ്ങളില്‍ പരിശീലനം തുടരുമെന്ന് പ്രാദേശിക സമിതി പ്രസിഡന്റ് വിനോദ് കൊപ്പലും സെക്രട്ടറി എ. കെ. സുകുമാരനും പറഞ്ഞു. രാത്രി ലഘുഭക്ഷണവും ഒരുക്കുന്നുണ്ട്.പരിശീലനകളരി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് വിനോദ് കൊപ്പല്‍ അധ്യക്ഷനായി. കുഞ്ഞിക്കോരന്‍ പണിക്കര്‍, എ. കെ. സുകുമാരന്‍, കെ.വി. അപ്പു, എ. വി. വാമനന്‍, ഉദയകുമാര്‍ പാലക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *