രാജപുരം: ആസാദി കാ അമൃത് മഹോത്സവ് സമാപനത്തിന്റെ ഭാഗമായി നടത്തുന്ന മേരി മാട്ടി മേരാ ദേശ് (എന്റെ മണ്ണ്, എന്റെ രാജ്യം) പരപ്പ ബ്ലോക്ക് പഞ്ചായത്ത് തല അമൃത് കലശ യാത്ര രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രാജപുരം സെന്റ് പയസ് കോളജില്‍ വച്ച് നടത്തി. പരപ്പ ബ്ലോക്കിലെ വിവിധ വില്ലേജുകളില്‍ നിന്നായി ശേഖരിച്ച മണ്ണ് ബ്ലോക്ക് അടിസ്ഥാനത്തില്‍ യോജിപ്പിച്ച് കലശത്തിലാക്കി കോളേജ് പരിസരത്ത് എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെ അമൃത കലശ യാത്ര നടത്തി. വീര മൃത്യു വരിച്ച ജവാന്‍മാരോടുള്ള ആദര സൂചകമായി ശേഖരിച്ച അമൃത കലശങ്ങള്‍ നെഹ്‌റു യുവകേന്ദ്ര, യൂത്ത് വെല്‍ഫെയര്‍ വോളന്റീര്‍മാര്‍ ഈ മാസം 30 നും 31നും ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയിലേക്ക് എത്തിക്കും. രാജ്യത്തെ വിവിധ ഗ്രാമങ്ങളിലെ മണ്ണുകള്‍ ഉപയോഗിച്ച് വീര്‍ ഉദ്യാനം ഒരുക്കും.
രാജപുരം സെന്റ് പയസ് കോളേജില്‍ വച്ച് നടത്തിയ പരിപാടി കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ദേവസ്യ എം.ഡി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് മുഖ്യതിഥിയായി. ലീഡ് ബാങ്ക് ഓഫീസര്‍ ഹരീഷ്, എന്‍ എസ് എസ് ഓഫീസര്‍ പാര്‍വതി ഇ എന്നിവര്‍ ആശംസ അറിയിച്ചു. ജില്ലാ യൂത്ത് ഓഫീസര്‍ അഖില്‍ പി പരിപാടി വിശദീകരിച്ചു. കോളേജ് എന്‍ എസ് എസ് ഓഫീസര്‍ അജോ ജോസ് സ്വാഗതവും നെഹ്റു യുവ കേന്ദ്ര വോളന്റിയര്‍ സനൂജ നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.