വെള്ളക്കെട്ടില്‍ വീണ് മരണം; അതിശക്തമഴയില്‍ പലയിടങ്ങളിലും വന്‍ നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടം. കൊച്ചിയില്‍ വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയും കാസര്‍ഗോഡ് മിന്നലേറ്റ് വയോധികനും മരിച്ചു.കണ്ണൂരില്‍ മേല്‍ക്കൂര തകര്‍ന്ന് ആറ് വയസ്സുകാരിക്ക് പരുക്ക്.
തിരുവനന്തപുരത്ത് വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു. പലയിടങ്ങളിലും വന്‍ നാശനഷ്ടവും വെള്ളക്കെട്ടുമുണ്ടായി. പൊഴിയൂരില്‍ കടലാക്രമണം രൂക്ഷം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ റെമാല്‍ ചുഴലിക്കാറ്റാകും.കാസര്‍ഗോഡ് ബെള്ളൂര്‍ സ്വദേശി ഗംഗാധരന്‍ ആണ് ഇന്നലെ രാത്രി ഇടിമിന്നലേറ്റ് മരിച്ചത്. 76 വയസ്സായിരുന്നു. പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയായ ദിലീപ് മരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ച് റോഡില്‍ വീട് തകര്‍ന്ന് 6 വയസ്സുകാരിക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് വീട് ഭാഗികമായി തകര്‍ന്ന് വീണത്. തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു വീണു. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടുടമ ഗിരിജാകുമാരി രക്ഷപെട്ടത് തലനാരിഴക്ക്. കാസര്‍ഗോഡ് കനത്ത മഴയില്‍ വീടിന്റെ മതില്‍ തകര്‍ന്നു. നെല്ലിക്കാട്ട് സ്വദേശി യമുനയുടെ വീട്ടുമതിലാണ് തകര്‍ന്നത് . പലയിടങ്ങളിലും കൃഷിനാശം ഉണ്ടായി. പത്തനംതിട്ട തുമ്ബമണില്‍ കിണര്‍ ഇടിഞ്ഞു. തുമ്ബമണ്‍ സ്വദേശി ജോയിക്കുട്ടിയുടെ കിണറാണ് ഇടിഞ്ഞത്. കാലാവസ്ഥ പ്രതികൂലം ആയതിനാല്‍ റാന്നി കോഴഞ്ചേരി പുതുമണ്‍ പാലത്തിലൂടെയുള്ള യാത്ര താത്കാലികമായി നിരോധിച്ചു. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യോനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകിട്ടോടെ ഇത് റെമാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *