പെരിയാറിലെ മത്സ്യക്കുരുതി; ജലത്തില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവിലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: പെരിയാറില്‍ മീനുകള്‍ ചത്ത് പൊന്തിയ സംഭവത്തില്‍ ജലത്തില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവില്‍ ഉണ്ടെന്ന് കുഫോസ്(കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാല) റിപ്പോര്‍ട്ട്.റിപ്പോര്‍ട്ട് കുഫോസ് സംസ്ഥാന ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ചു. ജലത്തില്‍ ഓക്സിജന്റെ അളവ് കുറവാണെന്നും കുഫോസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ എങ്ങനെയാണ് അമോണിയയും സള്‍ഫൈഡും അപകടകരമായ അളവില്‍ എത്തിയത് എന്നറിയാന്‍ വിശദമായ രാസപരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്ത മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ലെന്നും വെള്ളത്തിലെ ഓക്സിജന്‍ കുറഞ്ഞതാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങാന്‍ കാരണമായതെന്നുമാണ് പറഞ്ഞിരുന്നത്. ഇതിനു കാരണമായി പറഞ്ഞത് പാതാളം ബണ്ട് അപ്രതീക്ഷിതമായി തുറന്നു എന്നതായിരുന്നു. ‘പാതാളം ബണ്ടിന്റെ ഷട്ടര്‍ തുറന്നു വിട്ടത് ബണ്ടിനു താഴേക്കുള്ള ഭാഗങ്ങളില്‍ പെട്ടെന്ന് ഡിസോള്‍വ്ഡ് ഓക്സിജന്‍’ കുറയാന്‍ കാരണമായതായി കാണുന്നു’ എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെ തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കുഫോസ് പുറത്തുവിട്ടിരിക്കുന്നത്.വെള്ളത്തില്‍ എങ്ങനെയാണ് ഈ രാസവസ്തുക്കള്‍ കലര്‍ന്നത് എന്ന അന്വേഷണത്തിനും ഇനി തുടക്കമാകും. നിലവില്‍ നാലു വകുപ്പുകളാണു പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് അന്വേഷിക്കുന്നത്. ദുരന്തത്തിനിടയാക്കിയ കാരണങ്ങളും മത്സ്യക്കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടറോടു നിര്‍ദേശിച്ചിരുന്നു. സബ് കലക്ടര്‍ ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യക്കര്‍ഷകരില്‍നിന്ന് സബ് കലക്ടര്‍ വിവരശേഖരണം നടത്തിയിരുന്നു. 5 കോടി രൂപയോളം മത്സ്യ കര്‍ഷകര്‍ക്കു നഷ്ടമായിട്ടുണ്ടെന്നാണു കണക്ക്.കൂടുമത്സ്യകൃഷി ചെയ്തവരെയാണ് ഇത് ഏറ്റവും ബാധിച്ചിരിക്കുന്നത്. കരിമീന്‍, കാളാഞ്ചി, തിലാപ്പിയ മീനുകളാണു മിക്ക കര്‍ഷകരും വളര്‍ത്തിയിരുന്നത്. ഒരു കൂട്ടില്‍ 2500 കുഞ്ഞുങ്ങളെ വരെ വളര്‍ത്തിയിരുന്നു. ഒരു കൂടിന് കുറഞ്ഞത് ഒന്നര-രണ്ടു ലക്ഷം രൂപ വരെ ഓരോ കൂടിനും ചെലവഴിച്ച 450ഓളം കര്‍ഷകരാണ് ഇത്തവണ ദുരന്തത്തിന് ഇരയായാത്. 8-10 കൂടുകളുണ്ടായിരുന്നവരാണ് ഭൂരിഭാഗവും. ഇവര്‍ക്ക് 15-20 ലക്ഷം രൂപ വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്. സബ് കലക്ടറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഇവര്‍ക്കുള്ള നഷ്ടപരിഹാരം തീരുമാനിക്കുക. ഇതിനു സര്‍ക്കാരിന്റെ പ്രത്യേക അനുമതിയും ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *