നാലുവര്‍ഷ ബിരുദം: സര്‍വ്വകലാശാലാതല ബോധവത്കരണത്തിന് 27ന് തുടക്കം

നാലുവര്‍ഷ ബിരുദ കോഴ്‌സ് പ്രവേശന ഒരുക്കം വിവിധ സര്‍വ്വകലാശാലകള്‍ അതിദ്രുതം പൂര്‍ത്തിയാക്കി വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. വിവിധ സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അക്കാദമിക് കോര്‍ഡിനേറ്റര്‍മാര്‍ക്കും പുതിയ സംവിധാനത്തെപ്പറ്റി അവബോധം നല്‍കുന്ന പരിപാടിയ്ക്ക് മെയ് 27ന് തുടക്കമാവും. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ വളാഞ്ചേരി എം ഇ എസ് കെവിഎം കോളജിലാണ് സംസ്ഥാനതല പരിപാടിയ്ക്ക് തുടക്കമിടുന്നത്. സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജിന്റെ അധ്യക്ഷതയില്‍ മന്ത്രി ഡോ. ആര്‍ ബിന്ദു പരിപാടി ഉദ്ഘാടനംചെയ്യും. എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പ്രഭാഷണം നടത്തും. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും പ്രിന്‍സിപ്പാള്‍മാരും അക്കാദമിക് കോര്‍ഡിനേറ്റര്‍മാരും പരിപാടിയില്‍ പങ്കെടുക്കും. കേരള സംസ്ഥാന ഹയര്‍ എഡ്യുക്കേഷന്‍ റിഫോംസ് ഇംപ്ലിമെന്റേഷന്‍ സെല്‍ അംഗങ്ങളായ ഡോ. കെ സുധീന്ദ്രന്‍, ഡോ. ഷെഫീഖ് വി എന്നിവരുടെ അവതരണം ഉണ്ടാവും. സര്‍വ്വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *