കാരവാന്‍ ടൂറിസം ശരിയായ ദിശയില്‍; ബജറ്റില്‍ വകയിരുത്തിയത് 3.10 കോടി രൂപ- ടൂറിസം വകുപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ കാരവാന്‍ ടൂറിസം പദ്ധതിയായ ‘കേരവാന്‍ കേരള’ ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് കേരള ടൂറിസം വകുപ്പ് അറിയിച്ചു. കാരവാന്‍ ടൂറിസത്തിന്റെ വാണിജ്യപങ്കാളികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നടപ്പു സാമ്പത്തികവര്‍ഷം കാരവാന്‍ ടൂറിസത്തിന് സബ്‌സിഡികള്‍ നല്‍കാനായി 3.10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കാരവാന്‍ ടൂറിസവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പുമായി കരാറിലേര്‍പ്പെട്ട 13 സംരംഭകര്‍ക്ക് 7.5 ലക്ഷം രൂപ വച്ച് 97.5 ലക്ഷം രൂപ സബ്‌സിഡി നിലവില്‍ നല്‍കിയിട്ടുണ്ട്. ടൂറിസം വകുപ്പുമായി കരാറിലേര്‍പ്പെട്ട കാരവാനുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് നല്‍കി.

സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള ടൂറിസം വളര്‍ച്ചയ്ക്ക് കാരവാന്‍ ടൂറിസം സുപ്രധാനപങ്കാണ് വഹിക്കുന്നതെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു പറഞ്ഞു. ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ വാണിജ്യപങ്കാളികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, വിദഗ്ധര്‍ തുടങ്ങി നിരവധി പേരുമായി കൂടിയാലോചന നടത്തിയതിനു ശേഷമാണ് കാരവാന്‍ ടൂറിസം നയം രൂപീകരിച്ചത്. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഏറ്റവും പറ്റിയ ടൂറിസം ഉത്പന്നമാണിതെന്നും അദ്ദേഹം പറഞ്ഞു.

കാരവാന്‍ ഓപ്പറേറ്റര്‍മാര്‍ക്കും, പാര്‍ക്ക് ഉടമകള്‍ക്കും വലിയ ഇന്‍സന്റീവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് ഈ വിപുലമായ പദ്ധതിയെ ഇകഴ്ത്തിക്കാണിക്കുന്നത് ശരിയല്ല.

പദ്ധതി പ്രഖ്യാപിച്ച അന്നു മുതല്‍ തന്നെ വിവിധ ടൂറിസം വാണിജ്യ പങ്കാളികളില്‍ നിന്ന് മികച്ച പ്രതികരണമാണ് കാരവാനിന് ലഭിക്കുന്നത്. ഇവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും സുസ്ഥിരമായ വളര്‍ച്ചയ്ക്കും എല്ലാവരെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള പുരോഗതിയ്ക്കും സഹായകരമായിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറി പറഞ്ഞു.

കാരവാന്‍ ടൂറിസം പങ്കാളികളുമായി ആശയവിനിമയം ഇപ്പോഴും സജീവമാണ്. ഔദ്യോഗിക സ്വഭാവമില്ലാതെ തന്നെ അവര്‍ക്ക് ടൂറിസം അധികൃതരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണെന്നും കെ ബിജു കൂട്ടിച്ചേര്‍ത്തു.

മലമ്പുഴയില്‍ നിര്‍മ്മാണമാരംഭിച്ച കവാ എക്കോ ക്യാമ്പ് എന്ന കാരവാന്‍ പാര്‍ക്കിന് മലമ്പുഴ ഗ്രാമപഞ്ചായത്തും ജലസേചന വകുപ്പും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏകജാലക ബോര്‍ഡ് പദ്ധതി പുനരാരംഭിക്കാന്‍ അനുമതി നല്‍കി. അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കാസര്‍കോഡ് ബേക്കല്‍, കൊച്ചി ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളില്‍ കാരവാന്‍ പാര്‍ക്ക് അനുവദിക്കുന്നതിനായി കെടിഡിസി നല്‍കിയ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി. അവിടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതോടൊപ്പം കുമരകം, തേക്കടി, മൂന്നാര്‍,വയനാട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാവുന്നതാണെന്ന് കെടിഡിസി എംഡി അറിയിച്ചിട്ടുണ്ട്.

ടൂര്‍ ഫെഡിന്റെ സഹായത്തോടെ കാരവാന്‍ ടൂര്‍പാക്കേജുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ തേടി പ്രൊപ്പോസര്‍ സമര്‍പ്പിക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ സ്വകാര്യ കാരവാന്‍ പാര്‍ക്ക് വാഗമണില്‍ പ്രവര്‍ത്തിച്ചു വരുന്നു.

കേരളത്തിന് ലഭിച്ച മികച്ച ആശയമാണ് കാരവാന്‍ ടൂറിസമെന്ന് മലമ്പുഴയിലെ കാരവാന്‍ പാര്‍ക്ക് ഉടമ സജീവ് കുറുപ്പ് പറഞ്ഞു. സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്രാനുഭവം ഇത് സഞ്ചാരികള്‍ക്ക് നല്‍കും. ഇനിയും പ്രചാരത്തില്‍ വരാത്ത മികച്ച പ്രദേശങ്ങള്‍ മുതല്‍ പ്രധാന ടൂറിസം കേന്ദ്രങ്ങളടക്കം സഞ്ചാരികള്‍ക്ക് ഇതിലൂടെ ആസ്വദിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കാരവാന്‍ പാര്‍ക്കുകള്‍ക്ക് പ്രാദേശികാനുമതി ലഭിക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ടൂറിസം വകുപ്പില്‍ നിന്ന് നോഡല്‍ ഓഫീസറെ നിയമിച്ചാല്‍ ഈ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കാരവാന്‍ ടൂറിസം പ്രഖ്യാപിച്ച ശേഷം നടത്തിയ ചര്‍ച്ചയില്‍ സുതാര്യമായ അഭിപ്രായപ്രകടനമാണ് വാണിജ്യപങ്കാളികള്‍ നടത്തിയത്. അവരുയര്‍ത്തിയ പ്രശ്‌നങ്ങളില്‍ സജീവപരിഗണന നല്‍കുകയും ചെയ്തു. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കാരവാന്‍ ടൂറിസത്തെ അടുത്ത തലത്തില്‍ എത്തിക്കുന്നതിന് വേണ്ടി ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് കാരവാന്‍ സഫാരിയെന്ന ഹൈബ്രിഡ് മാതൃകയും ആലോചിക്കുന്നുണ്ട്.

പൊതു-സ്വകാര്യപങ്കാളിത്തം, ഹോട്ടലുകള്‍ റിസോര്‍ട്ട് എന്നിവയുമായി ചേര്‍ന്ന് പാര്‍ക്കിംഗ് സ്ഥലം, കെടിഡിസിയുടെ സ്ഥലം ഉപയോഗപ്പെടുത്തല്‍, വിവിധ വകുപ്പുകളുടെ ഏകോപനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സാഹസിക ടൂറിസത്തെ കാരവാന്‍ ടൂറിസവുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയവ വാണിജ്യപങ്കാളികളുമായി നടത്തിയ ചര്‍ച്ചയുടെ ഫലങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *