ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം പൂര്‍ത്തിയായി 12 തദ്ദേശ സ്ഥാപനങ്ങളിലെ കടല്‍ തീരങ്ങളും ശുചീകരിച്ചു

കാസര്‍കോട് ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം പൂര്‍ത്തിയായി 38 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും പൊതു ഇടങ്ങളും വാര്‍ഡ് തലത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമയി സംഘടിപ്പിച്ച മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍വ്വഹിച്ചിരുന്നു. തുടര്‍ന്ന് ജില്ലയിലെ 12 തീരദേശ തദ്ദേശ സ്ഥാപനങ്ങളില്‍ കടല്‍ തീര ശുചീകരണവും നടന്നു. ഇതോടെ ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം പൂര്‍ത്തിയായി.

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട കന്വതീര്‍ത്ഥ കുണ്ടുകൊലകേ കടപ്പുറം വരെയുള്ള 6.4 കി മീ കടല്‍ത്തീരം ശുചീകരിച്ചു. മംഗല്‍പാടിയിലും കടല്‍ തീരങ്ങള്‍ ശുചീകരിച്ചു. കുമ്പള ഗ്രാമ പഞ്ചായത്തിലെ കോയിപ്പാടി (വാര്‍ഡ് 20), കൊപ്പളം ( വാര്‍ഡ് 19 ) എന്നീ വാര്‍ഡുകളിലെ കടല്‍ തീരങ്ങള്‍ ശുചീകരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചേരങ്കൈ കടപ്പുറം മുതല്‍ സി.പി.സി.ആര്‍.ഐ വരെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന കടല്‍ത്തീരം ശുചീകരണം നടത്തി. കാസര്‍കോട് നഗരസഭയില്‍ പടിഞ്ഞാര്‍ തളങ്കര മുതല്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് പരിസരം വരെ ശുചീകരിച്ചു.
ചെമ്മനാട് പഞ്ചായത്തില്‍ 19,20,21 എന്നീ തീരദേശ വാര്‍ഡുകളായി ജനപ്രതിനിധികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ചെമ്പരിക്ക ബീച്ച് മുതല്‍ കീഴൂര്‍ കടപ്പുറം, ചന്ദ്രഗിരി തീരപ്രദേശം വരെ കടലോര ശുചീകരിച്ചു. ഉദുമയില്‍ നൂമ്പില്‍ അഴിമുഖം മുതല്‍ ബേക്കല്‍ വരെ ശുചീകരിച്ചു. പളളിക്കര ബീച്ച് മുതല്‍ മിഷന്‍ കോളനി വരെ 600 മീറ്ററോളം ദൂരം ശുചീകരണം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ അജാനൂര്‍ ഫിഷര്‍ഡ്മെന്റ് യൂട്ടിലിറ്റി സെന്റര്‍ മുതല്‍ ചിത്താരി കടപ്പുറം വരെയുള്ള (15,16,17,18,20) വാര്‍ഡുകള്‍ 5 കി.മിറ്റര്‍ ദൂരം കടലോരം ശുചീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭയുടെയും പടന്നക്കാട് നെഹ്‌റു കോളേജ് എന്‍.സി.സി യൂണിറ്റിന്റെയും സംയുക്തത്തില്‍ പടന്നക്കാട് മുതല്‍ മരക്കാപ്പ് കടപ്പുറം വരെ കടലോര ശുചികരണം നടത്തി. നീലേശ്വരം തൈക്കടപ്പുറം സ്റ്റോര്‍ ജംഗ്ഷന്‍ മുതല്‍ അഴിത്തല വരെ 6 കി.മീ കടല്‍ത്തീരം ശുചീകരിച്ചു. വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ കടലോരം അതിര്‍ത്തി പങ്കിടുന്ന 10 വാര്‍ഡുകളിലായി ജനപ്രതിനിധികള്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍, ദുരന്തനിവാരണ സേനാംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ 21 കി മീറ്റര്‍ കടലോരം ശുചീകരിച്ചു. കടലോര ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച 300 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറി. ശുചീകരണ പ്രവര്‍ത്തനത്തില്‍ കൌണ്‍സിലര്‍മാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *