പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം : ഭക്തര്‍ക്ക് പാര്‍ഥന പ്രസാദം നല്‍കാന്‍ മഞ്ഞള്‍ കൃഷിക്ക് വിപുലമായ തുടക്കം

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ അടുത്ത വര്‍ഷത്തെ ഭരണി മഹോത്സവത്തിനും മറ്റു ദിവസങ്ങളിലും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് നല്‍കുന്ന മഞ്ഞള്‍കുറി പ്രസാദത്തിനാവശ്യമായ മഞ്ഞള്‍ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കാന്‍ ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ തുടക്കമായി. അതിനാവശ്യമായി ക്ഷേത്ര ഭരണ സമിതി നല്‍കുന്ന വിത്തിന്റെയും ജൈവവളത്തിന്റെയും വിതരണം ക്ഷേത്ര ഭണ്ഡാരവീട് തിരുനടയില്‍ നടന്നു. സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ഭരണ സമിതി ഭാരവാഹികളായ അഡ്വ. കെ. ബാലകൃഷ്ണന്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, പി.കെ.രാജേന്ദ്രനാഥ്, കെ.വി.ഗിരീഷ് ബാബു, പ്രദീപ്കുമാര്‍ പള്ളിക്കര, മുന്‍ പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേന്ദ്ര മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരനും ജനറല്‍ സെക്രട്ടറി വീണാകുമാരനും പ്രവര്‍ത്തകരും ചേര്‍ന്ന് വിത്തും വളവും ഏറ്റുവാങ്ങി.700 കിലോ വിത്തുകളാണ് വിതരണം ചെയ്യുന്നത്.
കഴകത്തിലെ പ്രാദേശികസമിതികളുടെ സഹകരണത്തോടെ 32 പ്രദേശങ്ങളിലും അതത് മാതൃ സമിതികളുടെ നേതൃത്വത്തിലാണ് മഞ്ഞള്‍ കൃഷി നടത്തുന്നത്. ചെമ്മനാട്, ഉദുമ, പള്ളിക്കര കൃഷിഭവനുകളുടെ സഹകരണത്തോടെയാണ് ബ്രുഹ്ത്തായ ഈ പദ്ധതി നടപ്പിലാക്കുന്നത്.
കൃഷിക്കാവശ്യമായ മുഴുവന്‍ ജൈവ വളം ക്ഷീരകര്‍ഷകനും ക്ഷേത്ര ഭരണ സമിതി സെക്രട്ടറിയുമായ കെ.വി.ഗിരീഷ്ബാബു സ്വന്തം തൊഴുത്തിലെ ശേഖരത്തില്‍നിന്ന് സൗജന്യമായി നല്‍കി . അതിന്റെ വിതരണവും നടന്നു.

മഞ്ഞള്‍ പ്രസാദം: മണ്ണിനടിയിലെ പൊന്ന് എന്ന് വിശേഷിപ്പിക്കുന്ന, പോഷക ഗുണമുള്ള മഞ്ഞള്‍ പരിശുദ്ധമായും ഗുണനിലവാരത്തോടും വിളയിച്ചെടുത്ത് ഔഷധ ചേരുവകള്‍ ചേര്‍ത്ത് ദേവിയുടെ ‘കനകചൂര്‍ണ്ണ’ പ്രസാദമായാണ് ഭക്തര്‍ക്ക് നല്‍കുന്നത്. ഇത് വീടുകളിലെ പൂജാമുറികളില്‍ സൂക്ഷിച്ചു വെക്കും . ജില്ലയിലെ നാല് പഞ്ചായത്ത് പരിധികളില്‍ 32 പ്രദേശങ്ങളില്‍ കൃഷിഭവനുകളുടെ സഹകരണത്തോടെ വിപുലമായ രീതിയില്‍ ഒരു ക്ഷേത്രത്തിന്റെ കീഴില്‍ മഞ്ഞള്‍ കൃഷി നടത്തുന്നത് ആദ്യമാണെന്ന് പ്രസിഡന്റ് അഡ്വ. ബാലകൃഷ്ണനും മാതൃസമിതി പ്രസിഡന്റ് മിനിഭാസ്‌കരനും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *