പാലക്കുന്ന് :പുറംകടലില്‍ കപ്പല്‍ ജോലിയുമായി കഴിയുന്ന ജീവനക്കാരുടെ ഭാര്യമാരുടെ വിരസത അകറ്റാനും അത്യാവശ്യം വരുമാനമുണ്ടാക്കാനും അവരുടെ സംഘടന തന്നെ അതിനായി വഴിയൊരുക്കുന്നു.
മുംബൈ ആസ്ഥാനമായുള്ള നാഷണല്‍ യൂണിയന്‍ ഓഫ് സീഫയറേഴ്‌സ് ഓഫ് ഇന്ത്യ (നുസി)യാണ് ബ്രാഞ്ച് ഓഫീസ് വഴി ഇതിന് നേതൃത്വം നല്‍കുന്നത് . അതിന്റെ ഭാഗമായി നുസിയുടെ കാസര്‍കോട് ബ്രാഞ്ച് ഓഫീസില്‍ എംബ്രോയിഡറി ശില്പശാലയില്‍ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി . ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി കപ്പലോട്ടക്കാരുടെ കുടുംബാംഗങ്ങള്‍ 3 ദിവസം നീണ്ട ശില്പശാലയില്‍ പങ്കെടുത്തു. എല്ലാ ചെലവുകളും നുസി വഹിക്കും. ആദ്യ ബാച്ചില്‍ കുട്ടികള്‍ അടക്കം 18 പേര്‍ ഉണ്ടായിരുന്നു. സീന മനോജ് ആയിരുന്നു പരിശീലക. വീട്ടിലിരുന്ന് എംബ്രോയിഡറി വര്‍ക്കുകള്‍ ചെയ്യാന്‍ പ്രാപ്തരായെന്നും അതുവഴി ചെറിയ വരുമാനമാകുമെന്നും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ പ്രതീക്ഷിക്കുന്നു. കൈത്തൊഴില്‍ പരിശീലനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് നുസിയുടെ കാസര്‍കോട് പ്രതിനിധി പ്രജിത അനുപ് പറയുന്നു. ആദ്യ ബാച്ച് പരീശീലനം പൂര്‍ത്തിയാക്കി. അടുത്ത ബാച്ചിലേക്ക് മുന്‍കൂര്‍ അപേക്ഷകരുടെ എണ്ണം കൂടിവരുന്നുണ്ടെന്നും തീയതി പിന്നീട് നിശ്ചയിക്കുമെന്നും അവര്‍ അറിയിച്ചു. നുസിയുടെ സഹകരണത്തോടെ മുന്‍പ് കാഞ്ഞങ്ങാട് സൈലേഴ്‌സ് ക്ലബ് നടത്തിയ നെറ്റിപ്പട്ട നിര്‍മാണ ക്ലാസ്സ് വലിയ വിജയമായിരുന്നതിന്റെ മികവിലാണ് നുസിയുടെ ബ്രാഞ്ച് ഓഫീസില്‍ എംബ്രോയിഡറി ശില്പ ശാലയ്ക്ക് തുടക്കമിട്ടതെന്ന് പ്രജിത അനുപ് പറയുന്നു. ഇരുപതിലേറെ വനിതകള്‍ നെറ്റിപ്പട്ട നിര്‍മാണത്തില്‍ അന്ന് പരിശീലനം നേടി. കേരളത്തിന്റെ തനത് കലാസൃഷ്ടിയില്‍ ആകൃഷ്ടരായ മുംബൈയിലെ വിവിധ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥര്‍ നെറ്റിപ്പട്ടങ്ങള്‍ ഇവരില്‍ നിന്ന് വാങ്ങിയിരുന്നു. നെറ്റിപ്പട്ട നിര്‍മാണത്തില്‍ ഇപ്പോഴും അവര്‍ സജീമാണത്രെ.
നുസിയുടെ നേതൃത്വത്തില്‍ കപ്പലോട്ടക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മറ്റു കുട്ടികള്‍ക്കും സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസും ബ്രാഞ്ച് ഓഫീസില്‍ നടത്തുന്നുണ്ട്. ഓഫീസിലെ പതിവ് തിരക്കിനിടയിലും ഇതെല്ലാം നിയന്ത്രിക്കുന്നത് നുസി പ്രതിനിധിയായ പ്രജിത അനുപ് ആണ്.