ഇരിക്കൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1997-98 എസ് എസ് എല്‍ സി പൂര്‍വ വിദ്യാര്‍ത്ഥി സമന്വയ വേദിയായ ഓലപ്പുരയുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ ഓലപ്പുര സാഹിത്യ പുരസ്‌കാരം കാസര്‍കോട് ജില്ലയിലെ ബല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ് ടൂ വിദ്യാര്‍ഥിനി സിനാഷയ്ക്ക് ലഭിച്ചു.വസന്തം എന്ന പെണ്‍കുട്ടി എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.പതിനായിരം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തിപത്രവും പുസ്തകരേഖയും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 19 ന് വായനാദിനത്തില്‍ രാവിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സമ്മാനിക്കും.പ്രത്യേക ജൂറി പുരസ്‌കാരം പാലക്കാട് ജില്ലയിലെ പൊമ്പ്ര യു പി സ്‌കൂള്‍ അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥിനിയായ അല്‍ഹ സീന്‍ രചിച്ച അക്ഷരത്തീമഴയും തിരുവനന്തപുരം വര്‍ക്കല ഗവ എച്ച് എസ് എസ് പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി അപര്‍ണ രാജിന്റെ അല്ലി മുല്ലയ്ക്കും ലഭിച്ചു.സുകുമാരന്‍ പെരിയച്ചൂര്‍ മുഖ്യ ജൂറി ചെയര്‍മാനും മുരളീധരന്‍ പട്ടാന്നൂര്‍, സുനില്‍ കുമാര്‍ പൊള്ളോലിടം, മനോജ് കുമാര്‍ കല്യാട് എന്നിവരടങ്ങുന്ന അവാര്‍ഡ് കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയം നടത്തിയത്.അവാര്‍ഡ് ദാനച്ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യാതിഥി ആയിരിക്കുമെന്നും ഓലപ്പുര ഭാരവാഹികളായ മനോജ് കല്യാട്, റാഫി ഇരിക്കൂര്‍, അനീഷ് ഉത്രാടം, ബിജേഷ് ഊരത്തൂര്‍, സിന്ധു, സുനിത,എന്നിവര്‍ അറിയിച്ചു.