2024 ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിന്
കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ജില്ലാ പൊലീസ് മേധാവി പി. ബിജോയി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗംഗോത്രി, കാവേരി, സബര്‍മതി എന്നീ ബ്ലോക്കുകളിലായാണ് കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുക. ഗംഗോത്രി ബ്ലോക്കില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലേയും കാവേരി ബ്ലോക്കില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നടക്കും. ഉപ വരണാധികളുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍.
സബര്‍മതി ബ്ലോക്കില്‍ വരണാധികാരി കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണി തിട്ടപ്പെടുത്തും.
വരണാധികാരിയുടെ ജീവനക്കാര്‍
രാവിലെ നാലിന് പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് സെന്ററായ സബര്‍മതി ബ്ലോക്കിലെത്തും. ഗംഗോത്രി ബ്ലോക്കില്‍ രാവിലെ നാലിന് പോസ്റ്റല്‍ ബാലറ്റ് സ്‌ട്രോങ് റൂം തുറക്കും. രാവിലെ അഞ്ചിന് നര്‍മ്മദ ബ്ലോക്കില്‍ ഉപ വരണാധികാരികളുടെ ജീവനക്കാര്‍ഹാജരാകും. സബര്‍മതി ഹാളില്‍ രാവിലെ അഞ്ചിന് വരണാധികാരിയുടെ നേതൃത്വത്തില്‍ പൊതു നിരീക്ഷകന്റെ സാന്നിധ്യത്തില്‍ സബര്‍മതി ഹാളില്‍ ജീവനക്കാരുടെ മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ജൂണ്‍ നാലിന് രാവിലെ ആറിന് കൗണ്ടിങ് ജീവനക്കാര്‍ നര്‍മ്മദ ബ്ലോക്കില്‍ റിപ്പോര്‍ട്ട് ചെയ്യും. രാവിലെ ആറിന് ഇ.വി.എം മഞ്ചേശ്വരം എല്‍.എ.സി സ്‌ട്രോങ് റൂം തുറക്കും. തുടര്‍ന്ന് മറ്റ് മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകള്‍ തുറക്കും. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ജീവനക്കാരും സ്ഥാനാര്‍ത്ഥികളുടെ ഏജന്റ്മാരും രാവിലെ ഏഴിന് മുന്‍പായി സബര്‍മതിയില്‍ എത്തിച്ചേരും. ഇ.ടി.പി.ബി.എസ്
പ്രീ കൗണ്ടിങ് സ്റ്റാഫും കൗണ്ടിങ് ഏജന്റും രാവിലെ ഏഴിന് സബര്‍മതി ബ്ലോക്കിലെ റൂം നമ്പര്‍ 202ല്‍ എത്തും. ഇ.വി.എം കൗണ്ടിങ് സ്റ്റാഫും ഏജന്റുമാരും അതാത് നിയോജക മണ്ഡലങ്ങളുടെ കൗണ്ടിങ് റൂമുകളിലേക്ക് രാവിലെ 7.30 എത്തിചേരും. രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. 8.30ന് ഇ.വി.എം എണ്ണും.
ആകെ 1500ഓളം ജീവനക്കാരും ഒന്‍പത് സ്ഥാനാര്‍ത്ഥികളും ഒന്‍പത് ചീഫ് ഏജന്റുമാരും 663 ഏജന്റുമാരും കൗണ്ടിങ് സെന്ററിലെത്തും.
കൗണ്ടിങ് റൂമുകള്‍
മഞ്ചേശ്വരം- റൂം നമ്പര്‍ 113, ഗംഗോത്രി ബ്ലോക്ക്
കാസര്‍കോട് – റൂം നമ്പര്‍ 220, ഗംഗോത്രി ബ്ലോക്ക്
ഉദുമ- റൂം നമ്പര്‍ 214, ഗംഗോത്രി ബ്ലോക്ക്
കാഞ്ഞങ്ങാട്- റൂം നമ്പര്‍ 111 കാവേരി ബ്ലോക്ക്
തൃക്കരിപ്പൂര്‍- റൂം നമ്പര്‍ 119 കാവേരി ബ്ലോക്ക്
പയ്യന്നൂര്‍- റൂം നമ്പര്‍ 211 കാവേരി ബ്ലോക്ക്
കല്ല്യാശ്ശേരി- റൂം നമ്പര്‍ 219 കാവേരി ബ്ലോക്ക്
രാവിലെ 8 മുതല്‍ തപാല്‍ ബാലറ്റും 8.30 മുതല്‍ ഇ.വി എം വോട്ടും എണ്ണി തുടങ്ങും
കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് വാച്ചുകള്‍ കാല്‍കുലേറ്റര്‍ – തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും അനുവദിക്കില്ല. യമുന ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെന്ററില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ അനുവദനീയമായിട്ടുളളൂ. ക്യാമ്പസിനകത്ത് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും വാഹന പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരും വരണാധികാരി നല്‍കുന്ന ക്യു ആര്‍ കോഡ് ഐ.ഡി കാര്‍ഡ് കരുതണം വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാണ്.
മാധ്യമ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്ന അതോറിറ്റിലെറ്റര്‍ കയ്യില്‍ നിര്‍ബന്ധമായും കരുതണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെറു ഗ്രൂപ്പുകളായി കൗണ്ടിംഗ് ഹാളിന്റെ നിശ്ചിത ദൂരത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാം. തുടര്‍ന്ന് മീഡിയാ സെന്ററിലേക്ക് മടങ്ങണം. വോട്ടെണ്ണല്‍ ഹാളില്‍ ട്രൈപോഡ് ഉപയോഗിച്ച് ചിത്രീകരണം അനുവദനീയമല്ല. മീഡിയാ സെന്ററില്‍ വോട്ടെണ്ണല്‍ പുരോഗതി റിസള്‍ട്ട് എന്നിവ ലഭ്യമാക്കും.
സുരക്ഷ സന്നാഹം ശക്തം ആഹ്ലാദ പ്രകടനം ആറുമണിവരെ മാത്രം
വോട്ടെണ്ണല്‍ ദിവസം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് 1200 ഓളം പേരുള്‍പ്പെടുന് പോലീസ് സേനയെ വിന്യസിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി.ബിജോയി പറഞ്ഞു ആഹ്ലാദപ്രകടനങ്ങള്‍ വൈകിട്ട് ആറു മണിയ്ക്കകം അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഹ്ലാദപ്രകടനം നടത്തുന്ന കേന്ദ്രങ്ങളെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് സുരക്ഷ ഉറപ്പാക്കും. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പി.അഖില്‍ മീഡിയ നോഡല്‍ ഓഫീസറായജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.