മാലക്കല്ല്: 2024-25 അദ്ധ്യയന വര്‍ഷത്തെ സ്വീകരിക്കുവാന്‍ മാലക്കല്ല് സെന്റ് മേരിസ് എ യു പി സ്‌കൂള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒരുങ്ങി. പുതിയ അധ്യായന വര്‍ഷത്തേക്കുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഏകദിന ശില്പശാലയിലൂടെ തയ്യാറാക്കി. മാറുന്ന സാങ്കേതികവിദ്യയുടെ പടവുകള്‍ സ്വായത്തമാക്കുവാന്‍ എല്ലാ അധ്യാപകര്‍ക്കും എ ഐ പരിശീലനം സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ചു. വായനയ്ക്ക് അവധിയില്ല എന്ന മുദ്രാവാക്യത്തോടുകൂടി സ്‌കൂളിലെ എല്ലാ കുട്ടികളും സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്തി. അവധിക്കാലത്ത് കുട്ടികള്‍ വായിച്ച പുസ്തകങ്ങളുടെയും കുഞ്ഞു രചനകളുടെയും പതിപ്പ് പ്രകാശനം പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തപ്പെടും. കൂടാതെ നവാഗതരെ സ്വീകരിക്കുവാന്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സ്‌കൂള്‍ പി റ്റി എ, അധ്യാപകര്‍, മാനേജ്‌മെന്റ്, സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായി സംഘടന, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.