കരുതലിന്റെ നേര്‍സാക്ഷ്യമായി മാറി മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ പ്രവേശനോത്സവം

രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ശ്രദ്ധേയമായ പരിപാടികളോടെ ആഘോഷിച്ചു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് നവാഗതരെ വിദ്യാലയം വരവേറ്റത്. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്തംഗം മിനി ഫിലിപ്പ് ഉദ്ഘാടനവും നിര്‍വഹിച്ചു.

തുടര്‍ന്ന് ഒന്നാം ക്ലാസ് കുട്ടികള്‍ക്കുള്ള പഠന കിറ്റ് വിതരണം വൈ എം സി എ മാലക്കല്ല് യൂണിറ്റ് പ്രസിഡണ്ട് പി സി ബേബി പള്ളിക്കുന്നേലും സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് പ്രസിഡണ്ട് അഷറഫ് കെ യും നിര്‍വഹിച്ചു. വായനയ്ക്ക് അവധിയില്ല എന്ന ടാഗ് ലൈനില്‍ അവധിക്കാല രചനാ പതിപ്പുകളും പുതിയ അധ്യായന വര്‍ഷത്തെ അക്കാദമിക് മാസ്റ്റര്‍ പ്ലാനും ചടങ്ങില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളില്‍ പ്രവേശന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും മുത്തശ്ശി കഥയും പ്രത്യേക ആകര്‍ഷണമായി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ജോയ്‌സ് ജോണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്കായി പായസ വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *