കണ്ടലിന്റെ കഥ പറഞ്ഞ് ദിവാകരന്‍;വിഷരഹിത പച്ചക്കറി രുചി വിളമ്പി കണ്ണേട്ടന്‍ നവ്യാനുഭവമായി നാട്ടുപച്ച;

കരിവെള്ളൂര്‍ :കണ്ടലിന്റെ കഥ പറഞ്ഞ് ദിവാകരന്‍ വിഷമില്ലാത്ത പച്ചക്കറികളുടെ രുചി വിളമ്പി കേബിയാര്‍ കണ്ണേട്ടന്‍. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച നാട്ടുപച്ച നവ്യാനുഭവമായി.കല്ലേന്‍ പൊക്കുടനു ശേഷം കേരളത്തിലുടനീളം ലക്ഷത്തിലധികം കണ്ടല്‍ച്ചെടികള്‍ വെച്ചു പിടിപ്പിച്ച് ശ്രദ്ധേയനായ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ ദിവാകരന്‍ നീലേശ്വരവും നാലു പതിറ്റാണ്ടായി വിഷമില്ലാത്ത പച്ചക്കറി ഏക്കര്‍കണക്കിന് പാടത്ത് കൃഷി ചെയ്തും പ്രചരിപ്പിച്ചും പ്രകൃതിജീവനത്തിന്റെ നേര്‍സാക്ഷ്യമായ കേ ബിയാര്‍ കണ്ണേട്ടനും പരിസര ദിനത്തില്‍ ഒത്തു കൂടിയ നിറഞ്ഞ സദസ്സിന് മുന്നില്‍ മനസ്സു തുറന്നു. കേരളത്തിലുടനീളം മിയാവാക്കി, ഗൃഹവനം, പച്ചത്തുരുത്ത്, കണ്ടല്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നതില്‍ ചെത്തു തൊഴിലാളിയായ ദിവാകരന്‍ കൈവരിച്ച നേട്ടങ്ങള്‍ അത്ഭുതത്തോടെയാണ് എല്ലാവരും ശ്രവിച്ചത്. വെള്ളൂര്‍ കണ്ടോത്ത് സ്വദേശിയായ കണ്ണേട്ടന്റെ ജൈവ കൃഷിത്തോട്ടം സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കൊപ്പം കൃഷി വിദഗ്ധര്‍ക്കും ഇന്ന് ഒരു പാഠശാലയാണ്. അത്യുല്പാദന ശേഷിയുള്ള നൂറോളം ഫല വൃഷത്തൈകളും പച്ചക്കറി വിത്തുകളുമായാണ് രണ്ടു പേരും പാഠശാലയിലെത്തിയത്. അത് എല്ലാവര്‍ക്കും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.നാട്ടുപച്ച എന്ന് പേരിട്ട പരിപാടിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടരി കെ. ശിവകുമാര്‍ രണ്ടു പേരെയും പൊന്നാടയണിയിച്ച് ആദരിച്ചു. വി.വി. പ്രദീപന്‍ അധ്യക്ഷനായി. കണ്ണൂര്‍ സര്‍വകലാശാല ബി.എ. ഹിസ്റ്ററി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അര്‍ച്ചന മോഹന്‍, ബി.എസ്.സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സില്‍ റാങ്ക് ജേതാവായ ജഗന്നാഥന്‍ , വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അനന്യ സുധീര്‍, റെജിയ റിയാസ്,നിഹാല്‍ രാജ്, ആദിഷ് കെ.പി., റിതു രാജ് ടി.വി എന്നിവരെ അനുമോദിച്ചു. വി.വി. പ്രദീപന്‍ അധ്യക്ഷനായി.കെ. ശിവകുമാര്‍,ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍, പി.വി. ദിവാകരന്‍, കേബിയാര്‍ കണ്ണേട്ടന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *