പാലക്കുന്നില്‍ കുട്ടി
സമുദ്രത്തിനുമുണ്ട് ഒരാചരണ ദിനം .
ഭൂമിയുടെ മൊത്തം വിസ്തൃതിയുടെ ഏകദേശം മുക്കാല്‍ ഭാഗവും സ്വന്തമായുള്ള കടലിനാണല്ലോ അങ്ങിനെയൊരു ദിവസം വേണ്ടതും. സമുദ്രസംരക്ഷണമെന്ന സന്ദേശവുമായി സമുദ്രദിനം ആചരിക്കണമെന്ന ആശയം ഉണ്ടായത് 1992ല്‍ ബ്രസീലിലെ തുറമുഖ പട്ടണമായ റിയോഡിജനിറോയില്‍ നടന്ന രാജ്യാന്തര ഭൗമ ഉച്ചകോടിയിലാണ്. ജൂണ്‍ 8 ലോക സമുദ്രദിനമായി അന്ന് അംഗീകരിച്ചു. കാനഡയാണ് ആദ്യം ഇത് ആചാരിച്ചത്.യു. എന്‍.ന്റെ സവിശേഷ ദിനാചാരണ പട്ടികയില്‍ സമുദ്രദിനം ഇടം പിടിക്കാന്‍ പിന്നെയും ഒന്നര പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. കടലിന്റെ സൗന്ദര്യവും വിലമതിക്കാനാവാത്ത സമ്പത്തും സംരക്ഷിക്കണമെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു. സമുദ്ര മലിനീകരണം വന്‍തോതില്‍ വര്‍ധിച്ചു വരുന്ന ഇക്കാലത്ത് സമുദ്രദിനാചരണത്തിന് പ്രാധാന്യവും പ്രസക്തിയും ഏറെയാണ് .
*കപ്പല്‍ അപകടങ്ങളിലൂടെ……
.
ചരിത്രത്തിലേക്ക് എത്തിനോക്കിയാല്‍ കടലിനും പരിസര തീരങ്ങള്‍ക്കും ഏറെ നാശനഷ്ടങ്ങള്‍ വരുത്തിയത് കപ്പലുകളായിരുന്നുവെന്നത് സത്യമാണ് . നൂറു വര്‍ഷം മുന്‍പ് പടുകൂറ്റന്‍ ആഡംബരയാത്ര കപ്പലായ ‘ടൈറ്റാനിക്’ അതിന്റെ കന്നിയാത്രയില്‍ തന്നെ കടലില്‍ അടിഞ്ഞമര്‍ന്നുപോയത് 1500 ലേറെ ജീവനുകളോടെയാണ് . ‘എക്‌സ്ണ്‍ വാല്‍ഡിസ്’ എന്ന എണ്ണ കപ്പല്‍ 53 മില്യണ്‍ ഗാലന്‍ ക്രൂഡ് ഓയിലുമായി കാലിഫോര്‍ണിയയിലേക്കുള്ള യാത്രമദ്ധ്യേ 1989 മാര്‍ച്ച് 24 ന് അര്‍ധരാത്രി അലാസ്‌കയിലെ പ്രിന്‍സ് വില്യം സൗണ്ട് പാറക്കുട്ടത്തില്‍ കൊണ്ടിടിച്ചതിനെ തുടര്‍ന്ന് 11 മില്യണ്‍ ഗ്യാലന്‍ ക്രൂഡ് ഓയില്‍ കടലിലും തീരത്തും ഒലിച്ചുപോയി. തുടര്‍ന്നുണ്ടായ പാരിസ്ഥിതിക അത്യാഹിതം, അമേരിക്കന്‍ തീരത്ത് ഉണ്ടാക്കിയ വിപത്ത് അവര്‍ക്കൊരിക്കലും മറക്കാനാവാത്ത നൊമ്പരങ്ങളാണ് ചരിത്രത്തില്‍ എഴുതി ചേര്‍ത്തിട്ടുള്ളത്. കപ്പലുകള്‍ നിമിത്തം കടലിലും തീരങ്ങളിലും ഉണ്ടായ ദുരന്തങ്ങളുടെ പട്ടിക ഏറെ വലുതാണ്. അതൊക്ക എഴുതിപ്പിടിപ്പിക്കാന്‍ ഒരു മഹാഗ്രന്ഥം
തന്നെ വേണ്ടിവരും. നിലവില്‍ കപ്പലുകളില്‍ നിന്ന് മാലിന്യങ്ങള്‍ കടലിലേക്ക് വലിച്ചെറിയുന്ന സമ്പ്രദായം തീരേയില്ല. കപ്പലുകള്‍ അപകടങ്ങളിലോ മറ്റോ പെട്ടാല്‍ ഉണ്ടായേക്കാവുന്ന സമുദ്ര മലിനീകരണം അറിഞ്ഞുകൊണ്ട് സംഭവിക്കുന്നതല്ലല്ലോ.കടല്‍ ഇല്ലെങ്കില്‍ കപ്പലുകള്‍ ഉണ്ടാവില്ല. കപ്പല്‍ ഇല്ലെങ്കില്‍ കപ്പലോട്ടക്കാരും വേണ്ടല്ലോ. കടലിന്റെ രൗദ്ര ഭാവവും ശാന്ത ഭാവവും ഒരേ അര്‍ത്ഥത്തില്‍ നെഞ്ചിലേറ്റാന്‍ കപ്പലോട്ടക്കാര്‍ക്ക് സാധ്യമാകുന്നതും അതുകൊണ്ട് തന്നെയാണ്. ‘അക്ഷയ നിധി’യായ കടലിനെ സംരക്ഷിക്കാന്‍ മനുഷ്യനായി പിറന്ന ഓരോര്‍ത്തക്കും ബാധ്യതയുണ്ടെന്ന് ആരും മറന്നുപോകരുത്.
കടല്‍ എന്ന മഹാത്ഭുതം
പ്രകൃതി നമുക്ക് നല്‍കിയ വരദാനമാണ് സമുദ്രങ്ങള്‍. മഹാത്ഭുതങ്ങളുടെ മഹാകലവറയാണവ. ഭൂമിയുടെ 71 ശതമാനവും സമുദ്രങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു. കടല്‍ നമുക്ക് ഭക്ഷണമൊരുക്കാനുള്ള മത്സ്യം തരുന്നുവെന്ന സങ്കല്പത്തിനപ്പുറത്തേക്കുകൂടി നാം വളരണം, ചിന്തിക്കണം. ദൈവം അനുഗ്രഹിച്ചു നല്‍കിയ ജൈവ വൈവിധ്യങ്ങളുടെയും ധാതു വിഭവങ്ങളുടെയും കലവറയാണത്. നമ്മുടെ കാലാവസ്ഥയെപ്പോലും കടല്‍ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്. ആര്‍ക്കും ഇന്നേവരെ പ്രവചിക്കാന്‍ പറ്റാത്ത മഹാത്ഭുതങ്ങള്‍ പോലും മഹാ സമുദ്രങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. ‘ബര്‍മുഡ ട്രയാങ്കി’ളില്‍ അനേകം കപ്പലുകളും വിമാനങ്ങളും ദുരുഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ട്. 1945ല്‍ ഫ്‌ലോറിഡയില്‍ നിന്ന് പരിശീലനപറക്കലിനിടെ അഞ്ച് യു. എസ്. യുദ്ധവിമാനങ്ങള്‍ അതിലെ മുഴുവന്‍ സേനാംഗങ്ങളോടൊപ്പം അന്ന് ആ അപകട സോണില്‍ നിന്ന് അദൃശ്യമായി. ഇവരെ അന്വേഷിച്ചു പോയ ആറാമത്തെ ബോംബര്‍ വിമാനം പോയവഴിയും ഇന്നേവരെ ആര്‍ക്കും കണ്ടെത്താനായില്ല. കേരള ഷിപ്പിങ് കോര്‍പറേഷന്റെ ആദ്യ കപ്പലായ കൈരളി ജബൂത്തിയില്‍ കാണാമറയത്ത് കാണാതായിട്ട് പതിറ്റാണ്ടുകളായി.ഭൂരിഭാഗം ജീവനക്കാരും മലയാളികളായിരുന്ന, നമ്മുടെ സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ കപ്പലിന് എന്ത് സംഭവിച്ചുവെന്നതിന്റെ രഹസ്യം കണ്ടെത്താനും ആര്‍ക്കും ഇന്നേവരെ സാധിച്ചില്ല! ഇത് പോലുള്ള പല അജ്ഞാത രഹസ്യങ്ങളുടെ പിടികിട്ടാത്ത സമസ്യക്ക് മുന്‍പില്‍ ലോകം ഇന്നും പകച്ചു നില്‍ക്കുകയാണ് . വലിയൊരു ശതമാനം ജനങ്ങള്‍ ആശ്രയിച്ചു കഴിയുന്ന കടലിന്റെ ആരോഗ്യം നാള്‍ക്കുനാള്‍ ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന സത്യം നാം മനസ്സിലാക്കണം. കടല്‍ വഴി ജീവിതം മുന്നോട്ടു നയിക്കുന്നവരും കടലോര വാസികളും കടലിന്റെ സൗന്ദര്യം കാണാനെത്തുന്നവരും ഒന്നോര്‍ത്തുവെക്കണം, കടലമ്മയോടുള്ള നന്ദികേടുതന്നെയാണ് കടലിന്റെ ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് .
കടലും സമുദ്രവും ഒന്നല്ല
കടലും സമുദ്രവും പര്യായ പദങ്ങളാണെന്ന് ധരിച്ചുപോയവരാണ് പലരും. രണ്ടും രണ്ടാണ് . തീരത്തോട് ബന്ധപ്പെട്ട് കിടക്കുന്നവയാണ് കടലുകള്‍. ഉദാഹരണങ്ങള്‍: അറബിക്കടല്‍ (Arabian Sea) മധ്യധരണ്യാഴികടല്‍ (Mediterranean Sea) ചാവുകടല്‍ (Dead Sea) ചെങ്കടല്‍ (Red Sea), കരിങ്കടല്‍(Black Sea) തുടങ്ങിയവ. കടലിനെ അപേക്ഷിച്ച് ആഴവും വിസ്തൃതിയും ഏറെയുള്ളവയാണ് സമുദ്രങ്ങള്‍. തെക്ക്, വടക്ക് ശാന്ത സമുദ്രങ്ങള്‍ (Pacific Oceans), അറ്റ്‌ലാന്റിക് സമുദ്രം(Atlantic Ocean), ഇന്ത്യന്‍ മഹാസമുദ്രം (Indian Ocean ), തെക്ക്, വടക്ക് അന്റാര്‍ട്ടിക് സമുദ്രങ്ങള്‍ (Antarctic Oceans), ആര്‍ട്ടിക് സമുദ്രം(Arctic Ocean ) എന്നിവ സമുദ്രഗണത്തില്‍ പെടുന്നു. അതേ സമയം ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടാണ് കിടപ്പും.
സപ്ത സാഗരങ്ങള്‍ (Seven Seas) എന്ന് ആലങ്കാരികമായി നമ്മള്‍ പൊതുവെ പറയുന്നത് ഏഴ് സമുദ്രങ്ങളെ ഉദ്ദേശിച്ചാവണം. ഇവ കൂടാതെ കനാലുകള്‍ വേറെയുമുണ്ട് . അറ്റ്‌ലാന്റിക്കിനെയും പസഫിക്കിനെയും യോജിപ്പിക്കുന്ന
പാനമ കനാലിനും , റെഡ് സീയേയും മെഡിറ്ററേനിയനേയും ബന്ധിപ്പിക്കുന്ന സൂയസ് കനാലിനും വാണിജ്യ കപ്പലിലൂടെയുള്ള ചരക്ക് ഗതാഗതത്തില്‍ നിര്‍ണായക പങ്കാണുള്ളത്. ആ രാഷ്ട്രങ്ങളുടെ സാമ്പത്തിക ഉയര്‍ച്ചയ്ക്കും കാരണം ഈ കനാലിലൂടെ പോകുന്ന കപ്പലുകള്‍ നല്‍കേണ്ടുന്ന പ്രതിഫല തുകയാണ്.
മാലിന്യം വലിച്ചെറിയാന്‍ കടല്‍
മറ്റെവിടെയും വലിച്ചെറിയാന്‍ പറ്റാത്ത എന്തും എളുപ്പം തള്ളാനുള്ള ഇടമാണ് കടല്‍ എന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. മര്‍ച്ചന്റ് നേവിയില്‍ മൂന്നര പതിറ്റാണ്ട് കാലം ജോലി ചെയ്തവനാണ് ഈ ലേഖകന്‍. 1980 വരെ കപ്പലില്‍ നിന്ന് എന്തും കടലിലേക്ക് വലിച്ചെറിഞ്ഞാലും നടപടി കൈകൊള്ളാന്‍ സംവിധാനങ്ങള്‍ അത്ര ഗൗരവമായിരുന്നില്ല . ഈ അവസ്ഥയ്ക്ക് പ്രകടമായ മാറ്റം വന്നുതുടങ്ങിയത് ഇന്റര്‍നാഷണല്‍ മരിടൈം ഓര്‍ഗനൈസേഷന്റെ (I.M.O) സജീവമായ ഇടപെടലിന് ശേഷമായിരുന്നു .കടലിനെ രക്ഷിക്കാന്‍ പല മരിടൈം ഏജന്‍സികളും മുന്നോട്ടു വന്നു.
ഇപ്പോള്‍ സ്ഥിതിയാകെ മാറി. കപ്പലില്‍ യഥേഷ്ടം കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളില്‍ പ്ലാസ്റ്റിക്കുകള്‍ തരം തിരിച്ച് അടുത്ത പോര്‍ട്ടില്‍ സ്വീകരിക്കാന്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. എണ്ണമയമുള്ളതടക്കം അവശിഷ്ടങ്ങള്‍ പ്രത്യേക സംവിധാന (Incinerator) ത്തിലൂടെ ചാമ്പലാക്കി മാലിന്യ മുക്തമാക്കുന്നത് ഇപ്പോള്‍ അതാത് കപ്പലുകളില്‍ തന്നെയാണ്. കടലില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പിടിക്കപ്പെട്ടാല്‍ ശിക്ഷയ്ക്കു പുറമെ ജോലിയും നഷ്ടപ്പെട്ടുപോകുന്ന നിയമമാണ് ഇപ്പോഴുള്ളത്. ഭക്ഷണ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതു പോലും കര്‍ശനമായ നിബന്ധനകള്‍ക്കു വിധേയമായിട്ടാണ്.അത് ലോഗ് ബുക്കില്‍ രേഖപ്പെടുത്തുകയും വേണം.
കരയില്‍ നിന്ന് ഭീഷണി
അപ്രതീക്ഷിതമായ യാദൃശ്ചിക സംഭവങ്ങളിലൂടെ മാത്രമേ കപ്പലുകള്‍ ഇപ്പോള്‍ കടലിന് ഭീഷണിയാകാറുള്ളൂ. കപ്പലുകളില്‍ നിന്ന് മാലിന്യം വലിച്ചെറിയുന്നത് പൂര്‍ണമായും ഇപ്പോള്‍ നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും കരയില്‍ നിന്ന് എന്തും കടലിലേക്ക് വലിച്ചെറിയാവുന്ന സ്ഥിതിയാണിപ്പോഴും. അത് നിയന്ത്രിക്കാനും കണ്ടെത്താനും ഇവിടെ സംവിധാനം ഒരുക്കേണ്ടിയിരിക്കുന്നു.
കടല്‍ ഉപജീവനമാര്‍ഗമാക്കിയവര്‍ക്കുമാത്രം കടലമ്മയും മറ്റുള്ളവര്‍ക്ക് കടല്‍ കേവലം അത്ഭുതകാഴ്ചാക്കായുള്ള വിനോദോപാധി മാത്രമാണെന്ന ബാലിശമായ ധാരണ മാറ്റണം. കടലില്‍ തള്ളുന്നതിന്റെ ‘സാമ്പിളുകള്‍’ തിരയോടൊപ്പം തീരത്ത് വന്നടിയുന്നത് പരിസ്ഥിതിപ്രേമികള്‍ എന്നും ആശങ്കയോടെയാണ് കാണുന്നത്.ഒരു പരിധിവരെയെങ്കിലും ഇതിനെ നിയന്ത്രിക്കാനാവണമെങ്കില്‍ കടലിനെ പറ്റി അറിയാനും സ്‌നേഹിക്കാനുമുള്ള മനസ്സുണ്ടാകണം. ബോധവല്‍ക്കരണത്തിലൂടെ പ്രകൃതി സംരക്ഷണം എന്നത് വെറും പാഴ് വാക്ക് മാത്രമാണെന്നാണ് നാളിതുവരെയുള്ള അനുഭവം. കടലെന്ന വിസ്മയത്തെ പറ്റി അറിയാനും സ്‌നേഹിക്കാനുമുള്ള മനസ്സിനായി അതിനായുള്ള ഓര്‍മപുതുക്കലാവട്ടെ മഹാമാരികാലത്തെ ഈ സമുദ്രദിനം.
( കരയേയും കടലിനെയും ബന്ധിപ്പിച്ച് പരിസ്ഥിതി സംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായി ആഗോളതലത്തില്‍ അമേരിക്കയിലെ മോബിള്‍ ഓയില്‍ കമ്പനി 1998ല്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാന ജേതാവായ പാലക്കുന്നില്‍ കുട്ടി കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിന്റെ പ്രസിഡന്റാണ്)
പാലക്കുന്നില്‍ കുട്ടി