രാജപുരം: രാജപുരം ഹോളി ഫാമിലി എച്ച് എസ് എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ജൂണ്‍ 11ന് തുടക്കമാകും. രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ അധ്യക്ഷതയില്‍ കാസറഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. രാജപുരം ഹോളി ഫാമിലി ദൈവാലയ വികാരിയും സ്‌കൂള്‍ മാനേജറുമായ ഫാദര്‍ ജോസ് അരീച്ചിറ ചെയര്‍മാനായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ് ജനറല്‍ കണ്‍വീനറായും പി ടി എ പ്രസിഡന്റ് പ്രഭാകരന്‍ കെ എ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ജൂബിലി വര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മെറിറ്റ് ഡേ ആഘോഷം, സ്‌നേഹവീട് നിര്‍മ്മാണം, രക്തദാന ക്യാമ്പ്, ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ പ്രസംഗ മത്സരം, പൂര്‍വ്വ മാനേജര്‍മ്മാരുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സംഗമം, ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് മത്സരം, ഫുഡ് ഫെസ്റ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടൊപ്പം തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സില്‍വര്‍ ജൂബിലി സ്മാരക കെട്ടിടത്തിന്റെ നിര്‍മ്മാണവും ഈ ജൂബിലി വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഫാദര്‍ ജോസ് അരീച്ചിറ,ജനറല്‍ കണ്‍വീനര്‍ ജോബി ജോസഫ്, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സാലു എ എം, ചെയര്‍മാന്‍ ജിജി കിഴക്കേപുറത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.