കുടുംബശ്രീ ‘അരങ്ങ്’ സര്‍ഗോത്സവത്തിന് പ്രൗഢഗംഭീര സമാപനം
- 199 പോയിന്റ് നേടി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കാസര്‍കോട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍
- 180 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാമത്
- 96 പോയിന്റുമായി തൃശൂര്‍ ജില്ല മൂന്നാമത്
പിലിക്കോട്: അരങ്ങ് സര്‍ഗോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ അയല്‍ക്കൂട്ട വനിതകളുടെ സാംസ്‌കാരിക ശാക്തീകരണമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ പിലിക്കോട് സംഘടിപ്പിക്കുന്ന അഞ്ചാമത് ‘അരങ്ങ്-സര്‍ഗോത്സവം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികവും രാഷ്ട്രീയവുമായ വികാസത്തിനൊപ്പം സ്ത്രീകളുടെ സര്‍ഗാത്മകത വളര്‍ത്തുന്നതിനും സാംസ്‌കാരിക ശാക്തീകരണത്തിനും അവസരമൊരുക്കിക്കൊണ്ട് ഒരു സമ്പൂര്‍ണ ശാക്തീകരണ വനിതാ പ്രസ്ഥാനമായി കുടുംബശ്രീ വളരുകയായാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിവിധ വര്‍ഷങ്ങളിലായി അഞ്ചാമത്തെ അരങ്ങ് കലോത്സവമാണ് ഇപ്പോള്‍ സംഘടിപ്പിച്ചത്. തുടര്‍ച്ചയായി 2023ലും 2024 ലും അരങ്ങ് നടത്താന്‍ കഴിഞ്ഞു എന്ന പ്രത്യേകത കൂടി ഇപ്രാവശ്യമുണ്ട്. കലയോടൊപ്പം സാഹിത്യത്തിലും സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുതല്‍ കുടുംബശ്രീ സാഹിത്യോത്സവങ്ങളും ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ അഭിമാനകരമായ സ്ത്രീ കൂട്ടായ്മയായ കുടുംബശ്രീ ഇന്ന് ഇന്ത്യയ്ക്കും മാതൃകയാണ്. ഇന്ത്യക്കു പുറത്തും കുടുംബശ്രീയുടെ ഖ്യാതി എത്തി കഴിഞ്ഞു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ ബഹുമുഖമായ ശാക്തീകരണത്തില്‍ കുടുംബശ്രീ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നവോത്ഥാന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയത് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളാണ്. കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ശാക്തീകരണത്തിന്റെ കരുത്തുറ്റ ഉപാധിയായി കുടുംബശ്രീ മാറിയിട്ടുണ്ട്.
ഇന്ന് കുടുംബശ്രീ എത്തി ചേരാത്ത മേഖലകളില്ല. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് കുടുംബശ്രീയുടേത്. കുടുംബശ്രീ കടന്ന് വരുന്ന എല്ലാ മേഖലകളിലും വിജയമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ലഞ്ച് ബെല്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രീമിയം കഫേകള്‍, ജനകീയ ഹോട്ടലുകള്‍, വെജിറ്റബിള്‍ കിയോസ്‌കുകള്‍ തുടങ്ങി മാതൃകാപരമായിട്ടുള്ള നിരവധി പദ്ധതികള്‍ കുടുംബശ്രീ കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ തന്നെ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്നായ വയോജന പരിചരണത്തിന്റെ മേഖലയിലേക്കും കുടുംബശ്രീ കടന്നു കഴിഞ്ഞു. കുടുംബശ്രീയുടെ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നാണ് ശുചിത്വ കേരളത്തിന്റെ അംബാസിഡര്‍മാരായി മാറിയിട്ടുള്ള കുടുംബശ്രീയുടെ ഹരിത കര്‍മ്മസേന. മുപ്പത്തി അയ്യായിരം പേര്‍ അണിനിരക്കുന്ന ഹരിതകര്‍മ്മ സേന കേരളത്തെ വൃത്തിയുള്ള ദേശമാക്കി മാറ്റുനതിന് അഹോരാത്രം പ്രവര്‍ത്തിക്കുകയാണ്. ഇങ്ങനെ കേരളീയ ജീവിതത്തിന്റെ എല്ലാ സൂക്ഷ്മ മേഖലകളിലും വിലമതിക്കാനാവാത്ത സംഭാവന നല്‍കുന്ന ഒരു പ്രസ്ഥാനമാണ് കുടുംബശ്രീ. 3500-ലേറെ കലാകാരികളാണ് ഈ കലോത്സവത്തില്‍ പങ്കെടുത്തത്. ഓക്‌സിലറി ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ള യുവതികള്‍ക്കായി പ്രത്യേകമായി മത്സരങ്ങള്‍ സംഘടിപ്പിക്കാനും ഈ വര്‍ഷം കഴിഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച അവിസ്മരണീയ സര്‍ഗവിരുന്നായി പിലിക്കോട് കലോത്സവം മാറിയെന്നു പറഞ്ഞ മന്ത്രി സര്‍ഗോത്സവത്തില്‍ പങ്കെടുത്തവരെയും കലോത്സവം വിജയിപ്പിക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവരേയും പ്രത്യേകം അഭിനന്ദിച്ചു.
209 പോയിന്റുമായി തുടര്‍ച്ചയായി അഞ്ചാം വട്ടവും ഓവറോള്‍ ചാമ്പ്യന്‍മാരായ കാസര്‍കോട് ജില്ലയ്ക്കുളള എവര്‍റോളിങ്ങ് ട്രോഫി എം. രാജഗോപാലന്‍ എം.എല്‍.എ,സമ്മാനിച്ചു. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുളള ട്രോഫി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് കാസര്‍കോടിന് സമ്മാനിച്ചു. 185 പോയിന്റുമായി രണ്ടാം സ്ഥാനം നേടിയ കണ്ണൂര്‍ജില്ലയ്ക്ക് ബേബി ബാലകൃഷ്ണന്‍, ജാഫര്‍മാലിക് എന്നിവര്‍ സംയുക്തമായി സമ്മാനിച്ചു. 96 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലയ്ക്ക് പി.പി ദിവ്യ ട്രോഫി സമ്മാനിച്ചു.
സാംസ്‌കാരിക കേരളത്തിലെ പെണ്‍കരുത്തു പ്രകടമാക്കുന്ന മത്സരങ്ങളാണ് നടന്നതെന്നും വര്‍ത്തമാനകാലത്തെ സത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ അതിജീവിക്കുന്നതിന് ഇത്തരം സര്‍ഗോത്സവങ്ങള്‍ സഹായകമാകുമെന്നും എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
അരങ്ങ് സര്‍ഗോത്സവത്തിന്റെ ഭാഗമായി രൂപീകരിച്ച വിവിധ കമ്മിറ്റികളെയും പിലിക്കോട് സി.ഡി.എസിനെയും മത്സര വേദിയായ വിവിധ സ്‌കൂളുകളെയും ആദരിച്ചു.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ‘മാതൃകം’ മാസിക ജില്ലാതല അരങ്ങ് പ്രത്യേക പതിപ്പിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം
പി. കെ സൈനബ, കണ്ണൂര്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ വിശിഷ്ടാതിഥികളായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും ദേലംപാടി പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.എ.പി ഉഷ, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ഷാനവാസ് പാദൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായപി പി. പ്രസന്നകുമാരി, സി.വി പ്രമീള, പി.വി മുഹമ്മദ് അസ്ലം, വി. വി സജീവന്‍, വി.കെ ബാവ, എം.ശാന്ത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ശകുന്തള, എം. മനു, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്, നീലേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ലക്ഷ്മി, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ ടി.ടി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ കെ. സനൂജ, സി.ബിന്ദു, എം.ഗുലാബി, മുംതാസ് അബൂബക്കര്‍, വിജയലക്ഷ്മി എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ അസിസ്റ്റന്റ്ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി.എച്ച് ഇഖ്ബാല്‍ നന്ദി പറഞ്ഞു.