വെട്ടുകാട് പള്ളിയെ ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തെ ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ പില്‍ഗ്രിം ടൂറിസം പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ അമിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീര്‍ഥാടന ടൂറിസം മേഖലയില്‍ വലിയ പ്രാധാന്യമുള്ള പ്രദേശമായി ഭാവിയില്‍ വെട്ടുകാടിനെ മാറ്റാനാകുമെന്ന് മന്ത്രി പറഞ്ഞു. ശംഖുമുഖം, വേളി, വിമാനത്താവളം എന്നിവയുടെ സാമിപ്യം വെട്ടുകാടിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. എല്ലാ വിഭാഗം മനുഷ്യരും എത്തുന്ന ആരാധനാലയമാണ് വെട്ടുകാട് പള്ളി. മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുകയും എല്ലാവരെയും സ്വീകരിക്കുകയും ചെയ്യുന്ന കേരളത്തിന്റെ മനസ്സാണിത് കാണിക്കുന്നത്.

തീര്‍ഥാടന ടൂറിസത്തില്‍ അനന്തസാധ്യതകളുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതികളാണ് ടൂറിസം വകുപ്പ് നടപ്പിലാക്കി വരുന്നത്. ചരിത്രപ്രാധാന്യമുള്ള ഇടങ്ങളെ സംരക്ഷിക്കുകയും സഞ്ചാരികള്‍ക്ക് ആസ്വാദ്യകരമാക്കുകയുമാണ് ലക്ഷ്യം. തിരുവിതാംകൂര്‍ ഹെറിറ്റേജ് സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി ആരാധാനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൈതൃക കെട്ടിടങ്ങളിലെ ദീപാലങ്കാരം തിരുവനന്തപുരം നഗരത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ പ്രദേശങ്ങളില്‍ നിന്ന് ദിവസവും നൂറുകണക്കിന് തീര്‍ഥാടകര്‍ എത്തുന്ന വെട്ടുകാട് പള്ളിയെ അന്തര്‍ദേശീയ പ്രാധാന്യമുള്ള ആത്മീയ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് അധ്യക്ഷനായിരുന്ന ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. അങ്ങനെ വരുമ്പോള്‍ ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതയും ആത്മീയ കേന്ദ്രം എന്ന നിലയിലുള്ള പ്രാധാന്യവും വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.

വിവിധ മതവിഭാഗങ്ങളുടെ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പില്‍ഗ്രിം ടൂറിസം പദ്ധതിയായ തത്വമസിയുടെ ഭാഗമായി 2021 ലാണ് വെട്ടുകാട് അമിനിറ്റി സെന്ററിന് തറക്കല്ലിട്ടത്. പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും തീര്‍ഥാടകര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് കോടി ചെലവിട്ട് മൂന്ന് നിലകളിലായി നിര്‍മ്മിച്ച അമിനിറ്റി സെന്ററില്‍ ഒമ്പത് മുറികളും 14 ടോയ് ലറ്റുകളുമാണുള്ളത്. ഇതിനുപുറമേ ഡോര്‍മിറ്ററി, യൂട്ടിലിറ്റി റൂം, ലോബി, വെയിറ്റിങ് ഏരിയ, കഫറ്റേരിയ, അടുക്കള, ഇലക്ട്രിക്കല്‍ റൂം എന്നീ സൗകര്യങ്ങളുമുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ക്ലൈനസ് റൊസാരിയോ, സെറാഫിന്‍ ഫ്രെഡി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാജീവ് ജി.എല്‍, വെട്ടുകാട് ഇടവക വികാരി റവ. ഫാദര്‍ എഡിസണ്‍, ഇടവക കൗണ്‍സില്‍ അംഗം സേവ്യര്‍ പെരേര, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *