കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ സംസ്ഥാനത്ത് നടക്കുന്നത് ഉദ്യോഗസ്ഥ ദുര്‍ഭരണമാണെന്നും സംസ്ഥാനസര്‍ക്കാരും ഉദ്യോഗസ്ഥരും ജനദ്രോഹ നടപടികളാണ് കൈകൊള്ളുന്നതെന്നും മഹിളാമോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതിയംഗം എം.എല്‍.അശ്വിനി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആക്ഷേപം ഉന്നയിച്ച സാവിത്രി എന്ന സ്ത്രീയെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലം മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചുവെന്നറിഞ്ഞ് താമസിക്കുന്ന ഷെഡ് പൊളിച്ച് മാറ്റിയ സാവിത്രിക്ക് വീട് നല്‍കാതെ വേറെ ഒരു വ്യക്തിക്കാണ് വീട് അനുവദിച്ചത് എന്നും പറഞ്ഞ് അധികൃതര്‍ പെരുവഴിയിലാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തന്റെ രേഖകള്‍ തിരികെ വേണമെന്നാവശ്യപ്പെട്ട സാവിത്രിയെ , വിഇഒ എം.അബ്ദുള്‍ നാസര്‍ പഞ്ചായത്ത് മുറിയില്‍ പൂട്ടിയിടുകയായിരുന്നു.പോലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫീസ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷ ഇല്ല. സമാനതകളില്ലാത്ത സംഭവമാണ് മൊഗ്രാലില്‍ നടന്നതെന്നും ഉദ്യോഗസ്ഥനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണന്നും അശ്വിനി പറഞ്ഞു.
മഹിളാ മോര്‍ച്ച കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ലളിത പ്രിയ അദ്ധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് പുഷ്പ ഗോപാലന്‍, ബിജെപി സംസ്ഥാന സമിതി അംഗം സവിത ടീച്ചര്‍, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് പ്രമീള മജല്‍, മഹിളാ മോര്‍ച്ച ട്രഷറര്‍ വീണ അരുണ്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീലത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.