കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനമായ ഗോ ടോക്കണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി.രാംദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രാമന്‍ സ്വാതിവാമന്‍, ലേ സെക്രട്ടറി ദിനേശന്‍ പാവൂര്‍ വീട്ടില്‍, കെ.രാജമോഹന്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.മുഹമ്മദ് കുഞ്ഞി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍സ്, രതീഷ് പുതിപുരയില്‍, പി.പി.രാജു, വി.കെ.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 5 ലക്ഷം ചെലവിട്ടാണ് ഗോ ടോക്കണ്‍ ആപ് തയാറാക്കിയത്. ഇതുവഴി ജനങ്ങള്‍ക്ക് എവിടെ നിന്നും ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് എടുക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ബുക്കിങ് കൂടാതെ വരി നിന്നു ഒ.പി ടിക്കറ്റ് എടുക്കുന്ന സംവിധാനം തുടര്‍ന്നും ഉണ്ടാകും. ഓരോ വിഭാഗത്തിലും നിശ്ചിത എണ്ണം ടോക്കണ്‍ മാത്രമാണ് ലഭിക്കുക. ഇ-ടോക്കണ്‍ സംവിധാനത്തിലൂടെ മൊബൈല്‍ വഴിയോ കംപ്യൂട്ടര്‍ വഴിയോ അതാത് ദിവസത്തെ ടോക്കണ്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എടുക്കാന്‍ കഴിയും. ടോക്കണിന്റെ കൂടെ ഡോക്ടറെ കാണാനുള്ള സമയവും ലഭിക്കുന്നത് തിരക്കു പിടിച്ച യാത്രയും ഒഴിവാക്കും. ഇ-ടോക്കണ്‍ വഴി ഒ.പി ടിക്കറ്റ് എടുത്തവര്‍ക്ക് പണം അടയ്ക്കാന്‍ പ്രത്യേക കൗണ്ടറും ഒരുക്കിയിട്ടുണ്ട്.