കേരള കേന്ദ്ര സര്‍വ്വകലാശാല: പുതിയ അനുഭവങ്ങളും അറിവുകളുമായി വിദേശ വിദ്യാര്‍ത്ഥികളും അധ്യാപകരും മടങ്ങി

പെരിയ: പുതിയ അനുഭവങ്ങളും അറിവുകളുമായി, കേരള കേന്ദ്ര സര്‍വ്വകലാശാല സന്ദര്‍ശിച്ച വിദേശ വിദ്യാര്‍ത്ഥികളും അധ്യാപകരും മടങ്ങി. യുഎസ് പോര്‍ട്ട്‌ലാന്റിലുള്ള ലൂയിസ് ആന്റ് ക്ലാര്‍ക്ക് കോളേജിലെ അധ്യാപകരായ പ്രൊഫ. കെലി മാസണ്‍, പ്രൊഫ. ശിവാനി ജോഷി എന്നിവരും 12 ലിബറല്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികളുമാണ് സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച സര്‍വ്വകലാശാലയിലെത്തിയത്. വിവിധ വകുപ്പുകള്‍ സന്ദര്‍ശിച്ച സംഘം വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും സംവദിച്ചു. വിവിധ സംസ്ഥാനങ്ങളും തിരുവനന്തപുരത്തെ ക്യാപിറ്റല്‍ സെന്ററും സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ പെരിയ ക്യാമ്പസ്സിലെത്തിയത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വിഭാഗവും അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ സ്റ്റഡീസുമാണ് സന്ദര്‍ശനത്തിന് വേദിയൊരുക്കിയത്.

വെസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജുവുമായി ഇന്നലെ സംഘം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കേരളവും അത്ഭുതപ്പെടുത്തിയെന്നും മറക്കാനാകാത്ത അനുഭവങ്ങളാണ് ലഭിച്ചതെന്നും അവര്‍ വിശദീകരിച്ചു. സര്‍വ്വകലാശാലയുടെ അക്കാദമിക് പ്രവര്‍ത്തനം മികച്ചതാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനും ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനം മനസിലാക്കുന്നതിനും സന്ദര്‍ശനം ഉപകരിച്ചു. അവര്‍ ചൂണ്ടിക്കാട്ടി. അക്കാദമിക് രംഗത്ത് ഇത്തരം സംവാദങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് പ്രൊഫ. കെ.സി. ബൈജു പറഞ്ഞു. പുതിയ ചിന്തകളുടെയും ആശയങ്ങളുടെയും കൈമാറ്റം സാധ്യമാകും. ഇതിനായി സര്‍വ്വകലാശാല വേദിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വകുപ്പ് അധ്യക്ഷന്‍ പ്രൊഫ. ആര്‍. സുരേഷ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റെയിന്‍ഹാര്‍ട്ട് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. സന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായി അധ്യാപകരും വിദ്യാര്‍ത്ഥികളും ക്യാംപസില്‍ മാവിന്‍ തൈകളും നട്ടു.

Leave a Reply

Your email address will not be published. Required fields are marked *