അടുത്ത വര്‍ഷം കാസര്‍കോടിന് ഫുട്‌ബോള്‍ അക്കാദമി; സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്

അടുത്ത വര്‍ഷം കാസര്‍കോടിന് ഫുട്‌ബോള്‍ അക്കാദമി വാഗ്ദാനം ചെയ്ത് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു.ഷറഫലി. ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ 2022-23 വാര്‍ഷിക ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്ന സ്വകാര്യ ഫുട്‌ബോള്‍ അക്കാദമികള്‍ ജില്ലയിലുണ്ടെന്നും അവര്‍ സമ്മതിച്ചാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികള്‍ക്കിടിയിലും മികച്ച പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തിയത്. ജില്ലയുടെ കായിക മേഖലയില്‍ വലിയ മുന്നേറ്റമാണ് നടന്നിട്ടുള്ളതെന്നും അവ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പോയവര്‍ഷം കായിക മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജില്ല കാസര്‍കോടാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിനൊപ്പം എല്ലാ സഹകരണവും നല്‍കി ചേര്‍ത്തു നിര്‍ത്തുന്ന ജില്ലാ പഞ്ചായത്ത് ഭാരവാഹികളാണ് കാസര്‍കോടുള്ളത്. ഫുട്‌ബോള്‍ കബഡി ഇനങ്ങള്‍ക്കൊപ്പം മറ്റ് കായിക ഇനങ്ങളും പരിശീലിപ്പിക്കുകയും കൂടുതല്‍ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതും അഭിമാനകരമായ നേട്ടമാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പറഞ്ഞു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഹബീബ് റഹ്‌മാന്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ.വി.സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്സിക്യുട്ടീവ് മെമ്പര്‍മാരായ അനില്‍ ബങ്കളം, പള്ളം നാരായണന്‍, ടി.വി.കൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ സുദീപ് ബോസ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി.പി.അശോകന്‍ മാസ്റ്റര്‍ സ്വാഗതവും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി ടി.വി.ബാലന്‍ നന്ദിയും പറഞ്ഞു.

നേട്ടങ്ങളുടെ കണക്കുകള്‍ ഇങ്ങനെ

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ച 21 ലക്ഷത്തില്‍ ഉദയഗിരിയിലെ അക്കാദമി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ജില്ലാ നിര്‍മിതി കേന്ദ്രം നിര്‍മ്മിച്ച ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. എച്ച്.എ.എല്‍ ലിമിറ്റഡ് സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 1.5 കോടി മുതല്‍ മുടക്കി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം ജില്ലാ ഭരണസംവിധാനം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കാസര്‍കോട് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ വിദ്യനഗറില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഗെയില്‍ സി.എസ്.ആര്‍ ഫണ്ട് അഞ്ചു ലക്ഷം ഉപയോഗിച്ച് ചെങ്കള ഗ്രാമപഞ്ചായത്തിലെ നയന്മാര്‍മൂലയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലാ ടെന്നീസ് അക്കാദമി നിര്‍മിച്ചു.

എച്ച്.എ.എല്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് കോളിയടുക്കം രാജീവ് ഗാന്ധി സ്റ്റേഡിയം കോളിയടുക്കം സ്‌പോര്‍ട്‌സ് അമിനിറ്റി സെന്റര്‍ കെട്ടിടത്തിന് 50 ലക്ഷം രൂപയും ഹോസ്റ്റല്‍ സൗകര്യങ്ങള്‍ക്ക് 12 ലക്ഷം രൂപയും നല്‍കി. കോളിയടുക്കം രാജിവ് ഗാന്ധി സ്റ്റേഡിയം എട്ടു വരിയുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ട് ആക്കി മാറ്റാനുള്ള പ്രൊപോസല്‍ നല്‍കി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ വോളീബോള്‍ ഗ്രൗണ്ട് നവീകരണത്തിനായി ആവശ്യമായ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് സ്‌പോട്‌സ് അക്കാദമി ഉദയഗിരിയിലെ രണ്ട് വോളീബോള്‍ കോര്‍ട്ടുകളും നവീകരിച്ചു.

ചെമ്മനാട് വാട്ടര്‍ സ്‌പോര്‍ട്‌സ് പദ്ധതി, സ്‌കൂള്‍കായിക വികസന പദ്ധതികള്‍, നീന്തല്‍കുളങ്ങളും പരിശീലനങ്ങളും, മികവാര്‍ന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കല്‍, ഗ്രാമീണ മേകലയിലെ കായിക വികസനം, മഞ്ചേശ്വരത്ത് ജില്ലാ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പദ്ധതി, ഇന്‍ഡോര്‍ സ്റ്റേഡിയം, 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, വനിതാ ഫുട്‌ബോള്‍ അക്കാദമി പദ്ധതി, ജല മഹോത്സവ വള്ളം കളി, മാര്‍ഷ്യല്‍ ആര്‍ട്‌സ് യോഗ എറോബിക്‌സ് എന്നിവയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 2021-22 വര്‍ഷം വിഭാവനം ചെയ്ത പദ്ധതികള്‍.

Leave a Reply

Your email address will not be published. Required fields are marked *