ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വെള്ളരിക്കുണ്ട് താലൂക്കിലെ പൂടംകല്ല് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. പട്ടികവര്‍ഗ്ഗ വിഭാഗം കൂടുതലായി ആശ്രയിക്കുന്ന പൂടംകല്ലിലെ താലൂക്ക് ആശുപത്രിയില്‍ അടിയന്തിരമായി ആധുനിക പ്രസവ വാര്‍ഡ് വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഗൈനക്കോളജിസ്റ്റ് തസ്തിക ഉടന്‍ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം ന്യായമാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആശുപതിയുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. പുരുഷ, വനിത, കുട്ടികളുടെ വാര്‍ഡുകളും പരിശോധനാ മുറികളും ഒ.പിയും മന്ത്രി സന്ദര്‍ശിച്ചു. പൊതുജനങ്ങളില്‍ നിന്ന് പരാതികളും സ്വീകരിച്ച ശേഷമാണ് ആരോഗ്യ മന്ത്രി മടങ്ങിയത്.
ഡി.എച്ച്.എസ് ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി.രാംദാസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പത്മകുമാരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജനി കൃഷ്ണന്‍, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍, പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സുപ്രിയ, കളളാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, ജോസ് പുതുശ്ശേരിക്കാലായില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായി.