ഹാത്രാസ് ദുരന്തം; മരണം 130 കടന്നു

ദില്ലി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദര്‍ശിക്കും. സംഭവത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയില്‍ അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹാത്രസിലെ സിക്കന്ദര്‍ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാര്‍ത്ഥന പരിപാടി നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകള്‍, ബാഗുകള്‍ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും.അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവര്‍ ആറിലധികം ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുപി സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിക്കാനുള്ള ചര്‍ച്ചയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതായി വ്യക്തമായി. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവില്‍ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *