മാന്നാര്‍ കൊലക്കേസ്: അസ്ഥിയുടെ ഭാഗം തുടങ്ങി ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ കേസില്‍ അമൂല്യമാകുമെന്ന് ഫോറന്‍സിക് വിദഗ്ധ;

കോഴിക്കോട്: മാന്നാര്‍ കൊലക്കേസില്‍ മൃതദേഹം ഇല്ലെങ്കിലും കേസ് തെളിയിക്കാനാവുമെന്ന് ഡോക്ടര്‍ ഷേര്‍ളി വാസു. ഡിഎന്‍എ സാമ്ബിള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന പൊലീസ് ഫോറന്‍സിക് സര്‍ജനായ ഷേര്‍ളി വാസു പറഞ്ഞു.എല്ലുകള്‍ ഉള്‍പ്പടെ മൃതദേഹ ഭാഗങ്ങള്‍ മണ്ണിനടിയിലുള്ളതിനേക്കാള്‍ വേഗത്തില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ വെച്ച് നശിച്ച് പോകും. എന്നാല്‍ വസ്ത്രത്തിന്റെ ഇലാസ്റ്റിക്, അസ്ഥിയുടെ ഭാഗം തുടങ്ങി ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ ഈ കേസില്‍ അമൂല്യമാകും.മാപ്പു സാക്ഷി, സാഹചര്യതെളിവുകള്‍, ശക്തമായ മൊഴികള്‍ തുടങ്ങിയ ഘടകങ്ങള്‍ കൊണ്ട് കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിയുമെന്നും ഇത്തരത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത ഉദാഹരണങ്ങള്‍ നിരവധിയുണ്ടെന്നും ഷേര്‍ളി വാസു വ്യക്തമാക്കി. കേസന്വേഷണത്തിന് പ്രത്യേക സംഘം നിയോഗിച്ചു. 21 അംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാര്‍ അമ്ബലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികള്‍ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്ബുഴ പാലത്തിലും, മൊഴിയില്‍ ഉള്‍പ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ ഒന്നാം പ്രതിയായ കലയുടെ ഭര്‍ത്താവ് അനിലിനെ ഇസ്രായേലില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസില്‍ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തല്‍. ഭര്‍ത്താവ് അനില്‍ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. യുവതിയെ പതിനഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *