പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന കലംകനിപ്പ് നിവേദ്യ സമര്‍പ്പണത്തിനാവശ്യമായ കലത്തിലെ അരി സ്വന്തമായി വിളയിച്ചെടുക്കന്‍ ഉദുമ പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ ‘നാട്ടിഉത്സവം’ നടത്തി. ഈ പ്രദേശപരിധിയില്‍ പെടുന്ന വീടുകളില്‍ നിന്ന് സമര്‍പ്പണത്തിനായി ധനു മാസത്തിലെ ചെറിയ കലംകനിപ്പിനും മകരത്തിലെ കലംകനിപ്പ് മഹാനിവേദ്യത്തിനും
കൊണ്ടുപോകുന്ന സമര്‍പ്പണ കലങ്ങളില്‍ ഇവര്‍ വിളവെടുത്ത അരിയായിരിക്കും നിറക്കുക. കൊപ്പല്‍ കടപ്പുറം വയലില്‍ ഒന്നര എക്കറോളം വരുന്ന തരിശ് നിലത്തില്‍ നെല്‍കൃഷി നടത്തുന്നതിന്റെ ഭാഗമായി ‘നാട്ടി 2024’ ഉദ്ഘാടനം ഞാറ് നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി.പ്രാദേശിക സമിതി പ്രസിഡന്റ് വിനോദ് കൊപ്പല്‍, സെക്രട്ടറി എ.കെ. സുകുമാരന്‍, ട്രഷറര്‍ മനോജ് കൊപ്പല്‍, വാര്‍ഡ് അംഗങ്ങളായ ജലീല്‍ കാപ്പില്‍, ശകുന്തള ഭാസ്‌കരന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ഉദുമ കൃഷി ഓഫീസര്‍ നാണുക്കുട്ടന്‍, ക്ഷേത്ര വൈസ് പ്രസിഡന്റ് കെ. വി. അപ്പു, രമേശന്‍ കൊപ്പല്‍, ശക്തി സ്വയം സഹായ സംഘം പ്രസിഡന്റ് കുട്ടികൃഷ്ണന്‍, മാതൃസമിതി സെക്രട്ടറി രമാ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ എത്തിയവരെല്ലാം പാടത്തിറങ്ങി ഞാറ് നടീലില്‍ പങ്കാളികളായി.നെല്‍കൃഷിക്ക് കരുത്തേകാന്‍ കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതി സന്ധി നേരിടുന്ന വിളയാണ് നെല്ല് . നെല്‍കൃഷി ചെയ്തുകൊണ്ടിരുന്ന പഴയകാല കര്‍ഷകരൊക്കെ കാലാവസ്ഥ വ്യതിയാനം, രോഗ കീട ബാധകള്‍, തൊഴിലാളികളുടെ അഭാവം, വര്‍ദ്ധിച്ചുവരുന്ന കൃഷിചെലവ് എന്നിവ മൂലം നെല്‍കൃഷി ഉപേക്ഷിച്ചു. രണ്ട് വിളകള്‍ എടുത്തു കൊണ്ടിരുന്ന പാടങ്ങളൊക്കെ തരിശു നിലങ്ങളായി. കൃഷി ചെയ്യുന്ന പാടങ്ങളുടെ വിസ്തൃതി കുറഞ്ഞു. തണ്ണീര്‍തടസംരക്ഷണം, നെല്‍വയല്‍ സംരക്ഷണം എന്നിവ പുതുതലമുറകളിലേക്ക് പകര്‍ന്നുകൊടുക്കണമെന്നുകൂടി ഈ നെല്‍കൃഷിയിലൂടെ ലക്ഷ്യമിടുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.