തമിഴ്‌നാട് ബിഎസ്പി സംസ്ഥാന അധ്യക്ഷന്റെ കൊലപാതകം; പിടിയിലായത് യഥാര്‍ഥ പ്രതികളല്ല; സിസിടിവി ദൃശ്യം പുറത്ത്

ചെന്നൈ: തമിഴ്‌നാട് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തില്‍ ചെന്നൈയില്‍ പ്രതിഷേധം പുകയുന്നു.
ബിഎസ്പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചാണ് ഇന്നു പ്രതിഷേധിച്ചത്.കൊലപാതകത്തില്‍ ഇതുവരെ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് അറിയിച്ചു. പ്രതികള്‍ കൊലപാതകശേഷം രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ആംസ്‌ട്രോങ്ങിനെ കൊലപാതകത്തെ അപലപിച്ച ബിഎസ്പി അധ്യക്ഷ മായാവതി, പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തെ ശക്തമായ ദലിത് ശബ്ദമായ ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയവരെ ഉടന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ പിടിയിലായവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന് ഇന്ത്യാ മുന്നണി നേതാവും ദലിത് പാര്‍ട്ടിയായ വിസികെയുടെ അധ്യക്ഷനുമായ എം.പി.തിരുമാവളന്‍ ആരോപിച്ചത് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ, രാഹുല്‍ ഗാന്ധിയും ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തില്‍ അപലപിച്ചിരുന്നു.സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് ഇതോടെ ശക്തിയേറി.കൊലപാതകം നടത്തിയവരെ രാത്രി തന്നെ പിടികൂടിയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വ്യക്തമാക്കി. ബിഎസ്പി നേതാവിന്റെ കൊലപാതകത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും സ്റ്റാലിന്‍ അറിയിച്ചു. ആംസ്‌ട്രോങ്ങിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി മായാവതി നാളെ ചെന്നൈയില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *