കാറഡുക്ക : ജില്ല കലോത്സവം നടക്കുന്ന കാറഡുക്ക സ്‌കൂളിന്റെ മുഖച്ഛായ മാറ്റിയ സഹായവുമായി മണ്ണ് മാന്തി യന്ത്ര ഉടമകള്‍. മൈതനം വീതി കൂട്ടല്‍, നാല് സ്റ്റേജുകളുടെ നിര്‍മ്മാണം, പാര്‍ക്കിങ് സൗകര്യം, പാത നിര്‍മ്മാണം തുടങ്ങിയ വിവിധ പണികളാണ് കണ്‍സ്ട്രക്ഷന്‍ ഇക്വിപ്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ മുള്ളേരിയ മേഖല കമ്മിറ്റി സൗജന്യമായി ചെയ്ത് കൊടുക്കുന്നത്. പത്തോളം യന്ത്രങ്ങളുടെ സേവനമാണ് സൗജന്യമായി വിട്ട് കൊടുത്തത്.
മേഖല പ്രസിഡണ്ട് സുധാകരന്‍ പറശ്ശിനി, സെക്രട്ടറി ഷബീര്‍ പള്ളങ്കോട്, ട്രഷററര്‍ ജിബിന്‍ കിന്നിങ്കാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണികള്‍ തുടരുന്നത്. ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ നടക്കുന്ന കാസര്‍കോട് റവന്യു ജില്ല കലോത്സവത്തിനായി തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം കാറഡുക്ക ജില്ലാ കലോത്സവത്തിന് വേദിയാകുമ്പോള്‍ കൈയും മെയ്യും മറന്ന് വിവിധ കൂട്ടായ്മകള്‍ പണിയെടുക്കുന്നു. ക്ലബുകള്‍, സഹായ സംഘങ്ങള്‍, തൊഴിലുറപ്പ് കൂട്ടായ്മ , വിവിധ രാഷ്ട്രീയ പാര്‍ട്ടി സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വികസന പ്രവൃത്തനങ്ങള്‍ ഇരുപത് ദിവസമായി നടക്കുന്നു. മണ്ണ് മാന്തിയന്ത്ര ഉടമകളും ചേര്‍ന്നതോടെ വികസന പ്രവൃത്തനങ്ങള്‍ വേഗത്തിലായി.