അപായ ഭീഷണിയായി പാലക്കുന്ന് റയില്‍വേ ഗേറ്റിന് തൊട്ടടുത്ത കെട്ടിടം;യാത്രക്കാരും സമീപവാസികളും പരിഭ്രാന്തിയില്‍

പാലക്കുന്ന് : കിഴക്കേ ടൗണില്‍ നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന തിരക്കേറിയ റോഡിനോട് ചേര്‍ന്നുള്ള ഓടിട്ട കെട്ടിടം സമീപവാസികള്‍ക്കും വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അതീവ ഭീഷണിയാകുന്നു. കോട്ടിക്കുളം റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്കുള്ള ഗേറ്റിന് തൊട്ട് കിഴക്ക് ഭാഗത്താണ് ഈ കെട്ടിടം. ഇതിലെ രണ്ടു മുറികള്‍ നേരത്തേ നിലംപതിച്ചതാണ്. ശേഷിച്ച മുറികള്‍ ഏത് നേരത്തും നിലംപൊത്താവുന്നവിധം അപായ സൂചന നല്‍കുകയാണ്. കെട്ടിടത്തോട് ചേര്‍ന്ന വടക്കു ഭാഗത്തെ വീടുകളിലേക്കുള്ള ഒരു മീറ്റര്‍ പോലും വീതിയില്ലാത്ത നടവഴിയിലൂടെ കുട്ടികളക്കമുള്ള പതിവ് യാത്രക്കാര്‍ ഭയപ്പാടിലാണ്. തൊട്ട് വടക്ക് ഭാഗത്തെ വീടിനോട് ചേര്‍ന്നുള്ള ഈ കെട്ടിടത്തിന്റെ ചുമര്‍ കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണു.കാടും ചപ്പും ചവറും നിറഞ്ഞ ഈ ഇടത്ത് ഇഴജന്തുക്കള്‍ തമ്പടിച്ചിട്ടുള്ളത് മൂലം വീടിന് പുറത്തിറങ്ങാനും ഭയപ്പെടുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഉദുമ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പരിഹാരത്തിനായി കാത്തിരിക്കുയാണെന്ന് വീട്ടുകാരും സമീപവാസികളും പറയുന്നു. ഇതില്‍ പ്രവര്‍ത്തിച്ചിരുന്ന മില്‍മ പാല്‍ വില്‍പ്പനക്കാരന്‍ ഒരു മാസം മുന്‍പ് കട വിട്ടൊഴിഞ്ഞിരുന്നു.ട്രെയിനുകള്‍ പോകാന്‍ ഗേറ്റ് അടഞ്ഞാല്‍ അപ്പുറം കടക്കാന്‍ വാഹനങ്ങളുമായി കാത്തിരിക്കുന്നവരുടെ അങ്കലാപ്പ് വേറേയും .

Leave a Reply

Your email address will not be published. Required fields are marked *