കാലാവസ്ഥ പൊരുത്തപ്പെടലും ജല സുരക്ഷയും (water security and climate adaptation in rural india – (WASCA-II) അജാനൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം വേലാശ്വരം പാണംതോട് നടന്നു

വേലാശ്വരം : കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും ജലശക്തി മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ജര്‍മ്മന്‍ ഫെഡറേഷന്‍ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹകരണത്തില്‍ കമ്മീഷന്‍ ചെയ്ത ഉഭ യകക്ഷി പദ്ധതിയാണ് വാസ്‌ക്ക സെക്കന്‍ഡ് (WASCA- II) (ഗ്രാമീണ ഇന്ത്യയുടെ ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും). ഇന്ത്യയില്‍ ജിസ്സ്(GIZ) എന്ന ഏജന്‍സിയാണ് ഈ പദ്ധതിക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ലഭ്യമാക്കുന്നത്. ഗ്രാമ വികസന മന്ത്രാലയത്തിന്റെ വികസന പദ്ധതികളുമായി പ്രത്യേകിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,ജലശക്തി മന്ത്രാലയത്തിന്റെ :’കാച്ച് ദ റെയിന്‍ ‘എന്നീ പദ്ധതികളുമായി സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്തെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനും ഉപജീവന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഗണ്യമായ സംഭാവനകള്‍ നല്‍കിവരുന്നു. മണ്ണ്- ജല സംരക്ഷണം, കാലാവസ്ഥ വ്യതിയാന പൊരുത്തപ്പെടലുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കി സുസ്ഥിര പ്രകൃതി വിഭവ പരിപാലന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. വാസ്‌ക്ക സെക്കന്‍ഡ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ 2019 പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും 2022ല്‍ പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട് രണ്ടാംഘട്ടത്തില്‍ കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ 15 കാര്‍ഷിക കാലാവസ്ഥ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കാലാവധി 3 വര്‍ഷമാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള വിവിധ പ്രകൃതി വിഭവ പരിപാലന പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായ ആസൂത്രണത്തിലൂടെയും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ജിസിന്റെ സാങ്കേതിക സഹായത്തോടെ പ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് തെരഞ്ഞെടുത്ത ജില്ലകളിലെ കമ്പോസിറ്റ് വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് പ്ലാന്‍ ഈ പദ്ധതിയിലൂടെ തയ്യാറാക്കുന്നതാണ്. തയ്യാറാക്കുന്ന പ്ലാനുകളിലൂടെ പ്രദേശത്തിന്റെ സാമൂഹിക- സാമ്പത്തിക, കാലാവസ്ഥ, ജലം,കൃഷി എന്നീ നാല് മേഖലകളില്‍ അവലോകനം നടത്താന്‍ കഴിയും. കേരളത്തില്‍ കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകളിലാണ് വാസ്‌ക്ക രണ്ടിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ളത്. വേലാശ്വരം പാണംതോട് നടന്ന അജാനൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ. ദാമോദരന്‍,എം. ജി. പുഷ്പ, ലക്ഷ്മി തമ്പാന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ ബി. എസ്. പ്രമോദ്, സചിത്ര എ.കെ, ചൈത്ര വി.കെ, അജേഷ് എ.വി എന്നിവര്‍ സംസാരിച്ചു.അജാനൂര്‍ വി. ഇ.ഒ എം സുരേഷ് സ്വാഗതവും എന്‍. ആര്‍.ഇ. ജി. എ. ഇ. രജിത നായര്‍.സി നന്ദിയും പറഞ്ഞു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥരായ ജൂനിയര്‍ എന്‍ജിനീയര്‍ കെ. ഈശ്വരന്‍, യൂണിയന്‍ ഓവര്‍സിയര്‍ ഡി. പ്രഭാകര്‍, ബ്ലോക്ക് കോഡിനേറ്റര്‍ എം. തിനകരന്‍, സീനിയര്‍ സയന്റിസ്റ്റ് സെല്‍വ മുകിലന്‍, വാസ്‌ക്ക സെക്കന്‍ഡ് കാസര്‍ഗോഡ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍ എസ്. സജിന്‍, വാസ്‌ക്ക സെക്കന്‍ഡ് പ്രോജക്ട് അസോസിയേറ്റ് എ. വി. ആതിര എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും മറ്റും പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *